രാഹുൽ ഗാന്ധി | Photo: PTI
അമേരിക്കയിൽ മോദിയെ വിമർശിച്ച് രാഹുൽ; പ്രതിഷേധിച്ച് ബിജെപി
ആറു ദിവസത്തെ സന്ദർശനത്തിനായി യു എസിൽ എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളും പരാമർശങ്ങളും രാജ്യത്ത് ചർച്ചയാകുന്നു. മോദിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ബിജെപി നേതാക്കൾ മറുപടിയുമായി രംഗത്തുവന്നു. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് പ്രവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബാസ് നഖ്‌വി വിമർശിച്ചു. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കേന്ദ്രസർക്കാരിനെ രാഹുൽ കടന്നാക്രമിച്ചത്. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകായാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു. എന്നാൽ അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് രാഹുൽ കാണിക്കുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലണ്ടൻ മുതൽ അമേരിക്ക വരെ രാഹുൽ മോദിക്കെതിരെ സംസാരിക്കുന്നു. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് ലോകം ഇന്ത്യക്കാരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂലികൾ
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ ഖാലിസ്ഥാൻ വാദികൾ പ്രതിഷേധിച്ചു. രാഹുലിന്റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം. രാഹുലിന്റെ പരിപാടിയിൽ സദസ്സിലിരുന്ന പ്രതിഷേധക്കാർ ഖലിസ്ഥാൻ പതാക ഉയർത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയിൽ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്. അതേസമയം പ്രസംഗത്തിനിടെ പെട്ടെന്ന് വേദിയിൽ നിന്നുയർന്ന പ്രതിഷേധം ചിരിച്ച മുഖത്തോടെയാണ് രാഹുൽ ഗാന്ധി നോക്കിക്കണ്ടത്.
നേരത്തെ, രാഹുൽ ഗാന്ധിയുടെ മോദി വിമർശനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽ ഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താക്കൂർ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തെ ആർഎസ്എസും ബിജെപിയുമാണ് നിയന്ത്രിക്കുന്നത്. നിലവിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങൾ, ചർച്ചകൾ എന്നിവ അവരുടെ നിയന്ത്രണത്തിലായി. അതിനാലാണ് ജനങ്ങളുമായി നടന്നുകൊണ്ട് സംവദിച്ചത്. ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. എൻആർഐക്കാർ ഇന്ത്യയുടെ അംബാസിഡർമാരാണ്. വനിത സംവരണ ബിൽ കോൺഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങൾ വെറുപ്പിൽ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നിൽ രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിൽ പാസാക്കും. ഭരണഘടനയിൽ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.