രാഹുലിന്റെ അയോഗ്യത: പ്രതിഷേധം ശക്തം, തലകുനിക്കില്ലെന്ന് പ്രിയങ്ക
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനൊപ്പം മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സ് നേതാവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ബിജിപിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട്, കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഒരിക്കലും തല കുനിക്കില്ലെന്ന് അവര്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കിയ നടപടിക്കുശേഷമുള്ള രാഹുലിന്റെ ആദ്യ പത്ര സമ്മേളനം ഇന്ന് ഒരു മണിക്കു നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഏറ്റവും പുതിയ ഏടായാണ് പ്രതിപക്ഷം രാഹുലിനെതിരായ നീക്കത്തെ കാണുന്നത്. ഡെല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ അഴിമതി ആരോപിക്കപ്പെട്ട് നിലവില്‍ ജയിലിലാണ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്. മുമ്പും പലതവണ ചോദ്യം ചെയ്യുകയുണ്ടായി. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ടു വരികയാണ്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം. നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് തുടര്‍ച്ചയായ വേട്ടയാടല്‍ നേരിടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഐക്യപ്പെടുത്തുന്ന നീക്കമായി ഇത് മാറിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയ്‌ക്കെതിരെ 14 രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ ഏപ്രില്‍ അഞ്ചിന് വാദം കേള്‍ക്കും.