TMJ
searchnav-menu
post-thumbnail

TMJ Daily

ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

07 Jun 2024   |   1 min Read
TMJ News Desk

ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബിജെപി സര്‍ക്കാരിനെ അപമാനിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയെന്നാരോപിച്ച്  കര്‍ണാടകയില ബിജെപി നേതാവ് കേശവ് പ്രസാദ് നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യം. ബെംഗളൂരു സിവില്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 30 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

2023 ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യധാര മാധ്യമങ്ങളില്‍ അപമാനകരമായ പരസ്യം നല്‍കിയെന്നതാണ് കേസ്. 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. 2023 മെയ് 5 നാണ് കേസിനാസ്പദമായ പരസ്യം മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു കേശവ് പ്രസാദ് ഹര്‍ജി നല്‍കിയത്. 

സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും കോടതി ജൂണ്‍ 1 ന് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജാരായിരുന്നില്ല. ഇന്ത്യ മുന്നണിയുടെ യോഗം ഉള്ളതിനാലാണ് ഹാജാരാകാന്‍ സാധിക്കാത്തതെന്ന അഭിഭാഷകന്റെ അറിയിപ്പ് കോടതി ആദ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

#Daily
Leave a comment