
മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടെക്സസിലെ ദല്ലായിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്'. എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
ജാതിയോ മതമോ ഭാഷയോ പാരമ്പര്യമോ പരിഗണിക്കാതെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പങ്കാളിത്തം ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തെ കേന്ദ്രീകരിച്ചുള്ള തന്റെ സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുജനങ്ങളില്‍ പ്രതിധ്വനിച്ചുവെന്ന് രാഹുല്‍ ഊന്നിപ്പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തിനിടെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും യുഎസ് നിയമനിര്‍മാതാക്കളുമായും രാഹുല്‍ സംവദിക്കും. ഞായറാഴ്ചയാണ് രാഹുല്‍ യുഎസിലെത്തിയത്. ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.