TMJ
searchnav-menu
post-thumbnail

PHOTO: INC.IN

TMJ Daily

വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരുമെന്ന് രാഹുല്‍ ഗാന്ധി

07 Sep 2023   |   1 min Read
TMJ News Desk

വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരുമെന്ന് ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി. 2022 സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 4,000 കിലോമീറ്റര്‍ നീണ്ട ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയത്. 135 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്.

യാത്ര തുടരും

ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിന് ചുവടുകള്‍ രാജ്യത്തിന്റെ നല്ല നാളേയ്ക്കുള്ള അടിത്തറയായി മാറിയിട്ടുണ്ട്. വിദ്വേഷം ഉന്മൂലനം ചെയ്യുന്നതുവരെ, ഇന്ത്യ ഒന്നിക്കുന്നതുവരെ യാത്ര തുടരും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്  ഭാരത് ജോഡോ യാത്ര നടത്തിയത്. ഞാന്‍ യാത്ര നടത്തിയത് എനിക്കോ പാര്‍ട്ടിക്കോ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് എഐസിസി ആഘോഷ പരുപാടികള്‍ നടത്തും. 

രാജ്യവ്യാപകമായി പദയാത്ര

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പദയാത്രകളും പൊതുസമ്മേളനങ്ങളും നടത്താനാണ് തീരുമാനം. എഐസിസിയുടെ ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ വെകുന്നേരം അഞ്ചുമണിക്കും ആറുമണിക്കും ഉള്ളിലായാണ് പദയാത്ര സംഘടിപ്പിക്കുക. മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ അടക്കമുള്ളവരാണ് രാജ്യവ്യാപകമായി നടത്തുന്ന പദയാത്രകള്‍ നയിക്കുക. കേരളത്തില്‍ 14 ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്ണൂരില്‍ പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം സെപ്റ്റംബറില്‍ ഉണ്ടാകും എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നാണ് യാത്ര ആരംഭിക്കുക, അരുണാചലിലെ പാസിഘട്ടില്‍ നിന്ന് ഗുജറാത്തിലെ പോര്‍ബന്ദര്‍ വരെ യാത്ര നടത്താനാണ് തീരുമാനം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

#Daily
Leave a comment