PHOTO: PTI
മണിപ്പൂര്‍ മുതല്‍ മുംബൈ വരെ ഭാരത് ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ 'ഭാരത് ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനുവരി 14 ന് മണിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും. മണിപ്പൂര്‍ മുതല്‍ മുംബൈ വരെയുള്ള യാത്ര 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. 85 ജില്ലകളിലൂടെ 6,200 കിലോമീറ്ററിലധികമുള്ള യാത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് ചെയ്യും. ബസിലും കാല്‍നടയായുമാണ് യാത്ര.
ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്
മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ മധ്യഭാഗത്തു കൂടിയാണ് യാത്ര കടന്നുപോകുന്നത്. യാത്രയില്‍ യുവാക്കള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരുമായി രാഹുല്‍ സംവദിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. കര്‍ണാടകയിലേയും തെലങ്കാനയിലേയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം നേടാനായതില്‍ ഭാരത് ജോഡോ യാത്രയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനായി എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കിഴക്ക്-പടിഞ്ഞാറ് യാത്ര നടത്തുന്നത്. 150 ദിവസങ്ങള്‍കൊണ്ട് 4,500 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും പിന്നിട്ടത്. 2022 സെപ്തംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 2023 ജനുവരി 30 ന് ജമ്മു കശ്മീരിലാണ് അവസാനിച്ചത്.