
രാഹുലിന് സസ്പെൻഷൻ
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുലിനോട് കെപിസിസി വിശദീകരണം തേടും. എന്നാൽ രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. നടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവർ രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ തൽക്കാലത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ അറിയിച്ചിരുന്നു. രാഹുൽ എംഎല്‍എ സ്ഥാനം രാജിവച്ചാൽ, തുടർന്ന് വരുന്ന ഉപതിരഞ്ഞെടുപ്പ് പാർട്ടിക്ക് തിരിച്ചടി ആകാൻ സാധ്യതയായി വിലയിരുത്തിയതിൻ്റെ ഭാഗമായാണ് നടപടി സസ്‌പെന്‍ഷനിൽ ഒതുക്കിയത്.
രാഹുലിനെതിരായ പരാതികളിൽ കടുത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ വനിതാ നേതാക്കൾ ഉൾപ്പെടെ രാഹുലിനെതിരായി രംഗത്തുവന്നിരുന്നു. എന്നാൽ രാഹുലിന് വെറുമൊരു സസ്പെൻഷൻ നൽകിയത് പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നം ഉണ്ടാക്കാനാണ് സാധ്യത.


