
രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനം രാജിവച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ആരോപണങ്ങൾക്ക് മറുപടിയും പാലക്കാട് എംഎൽഎ കൂടെയായ രാഹുൽ മാങ്കൂട്ടത്തിൽ നൽകി. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും, നേതാക്കൾ എല്ലാവരോടും താൻ സംസാരിച്ചെന്നും രാഹുൽ പ്രതികരിച്ചു. എങ്കിലും തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പ്രവർത്തകർ മറുപടി നൽകി സമയം കളയേണ്ടതില്ലെന്നും, അതിനാൽ താൻ രാജി വയ്ക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രഖ്യാപിച്ചു. ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും, തന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല എന്നും, തന്നെക്കുറിച്ചല്ല നടി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയോട് ഗർഭച്ഛിദ്രത്തിന് ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പും പുറത്ത് വന്നിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഈ കാലത്ത് അത് ആർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ലേ എന്ന് ചോദിച്ചു. തനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളും തള്ളിയ രാഹുൽ മാങ്കൂട്ടത്തിൽ നിയമപരമായി നേരിടുമെന്നും, നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞു. നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് വേണം മാധ്യമപ്രവർത്തകർ അന്വേഷിക്കേണ്ടത് എന്ന് രാഹുൽ മാധ്യമങ്ങളെ വിമർശിച്ചു. പരാതി വന്നാൽ മറുപടി നൽകുമെന്നും രാഹുൽ പറഞ്ഞു.


