
രാഹുൽ ഒരു നിമിഷം തുടരരുത്, രാജിവയ്ക്കണം: രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിലുള്ള വിയോജിപ്പും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി നടപടി വൈകില്ലെന്നും മുരളീധരൻ പറഞ്ഞു. രാജി സംബന്ധിച്ചുള്ള തീരുമാനം കോൺഗ്രസാണ് എടുക്കേണ്ടതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. നേതാക്കൾ എല്ലാവരും രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞതായാണ് വരുന്ന റിപ്പോർട്ടുകൾ. രാഹുലിന്റെ രാജി ഉടൻ ഉണ്ടാവുമെന്നും അല്ലെങ്കിൽ പ്ലാൻ ബി ആയി മാറ്റി നിർത്തിയേക്കാൻ സാധ്യത ഉണ്ടെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. കോൺഗ്രസ് പാർട്ടി മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശൻ പ്രതികരിച്ചിരുന്നു. നിലവിൽ പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.


