TMJ
searchnav-menu
post-thumbnail

TMJ Daily

ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡ് അവസാനിച്ചു

05 Apr 2025   |   1 min Read
TMJ News Desk

വിവാദ സിനിമയായ എമ്പുരാന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്റെ കോഴിക്കോടും ചെന്നൈയിലുമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ രാവിലെയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ അവസാനിച്ചു. ഗോപാലനെ ഏഴരമണിക്കൂറോളം ഇഡി ചോദ്യം ചെയ്തു.

ഇഡി ഒന്നരക്കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, ഓഫീസിലെ രേഖകളും ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

ഗോകുലം ഗ്രൂപ്പ് വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഫെമ ലംഘിച്ചു നിക്ഷേപമായി സ്വീകരിച്ച പണം സിനിമകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

ഇന്നലെ ഗോകുലം ഗോപാലനെ കോഴിക്കോടുള്ള കോര്‍പറേറ്റ് ഓഫീസില്‍വച്ചും പിന്നീട് ചെന്നൈയില്‍ എത്തിച്ചും ചോദ്യം ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചശേഷം വീണ്ടും ഗോപാലനെ ഇഡി ചോദ്യം ചെയ്യും.

ശ്രീഗോകുലം ചിറ്റ്‌സില്‍ പ്രവാസികള്‍നിന്ന് ഫെമ ലംഘിച്ച് പണം സ്വീകരിച്ചുവെന്ന് ഇഡി ആരോപിക്കുന്നുണ്ട്. 2022ല്‍ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടത്തിയത്.

ഗോകുലം സഹനിര്‍മ്മാതാവായ എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് കലാപം വിഷയമായതിനെതിരെ സംഘപരിവാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇഡിയുടെ റെയ്ഡുകള്‍ നടന്നത്.






#Daily
Leave a comment