TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; മരണം നൂറിലേക്ക്

12 Jul 2023   |   2 min Read
TMJ News Desk

ത്തരേന്ത്യയിലെ ചില സ്ഥലങ്ങളില്‍ മഴ കുറഞ്ഞെങ്കിലും മറ്റു ചിലയിടങ്ങളില്‍ മഴ തുടരുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറിന് അടുത്തായി. 24 മണിക്കൂറിനിടെ നാല് സംസ്ഥാനങ്ങളില്‍ 20 മരണം. 

ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രളയവും, മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശില്‍ മാത്രം 30 ലധികം പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിലും മഞ്ഞുവീഴ്ചയിലുമായി വിദേശികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ഹിമാചലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

നാശംവിതച്ച് പെരുമഴ 

ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ നാശംവിതച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഉത്തരകാശി-ഗംഗോത്രി ഹൈവേയില്‍ മൂന്ന് വാഹനങ്ങള്‍ പാറക്കല്ലുകളില്‍ ഇടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ വീടുകളും കൃഷികളും വ്യാപകമായി നശിച്ചു. പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. 

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുടെ തോത് ഉയര്‍ത്തിയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കുളുവിലും മണാലിയിലും ജനജീവിതം ദുസ്സഹമായി. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. 700 ലധികം റോഡുകളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രവി, ബിയാസ്, സത്ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സോളനില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 135 മില്ലീമീറ്റര്‍ മഴയാണ് അവസാനമായി രേഖപ്പെടുത്തിയത്. 1982 നു ശേഷം ജൂലൈയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണ് ഡല്‍ഹിയിലുണ്ടായത്, 153 മില്ലീമീറ്റര്‍. 

ഉത്തരാഖണ്ഡിലും സമാനമായ അവസ്ഥയാണ്. മിന്നല്‍ പ്രളയമാണ് ഉണ്ടായത്. ഡല്‍ഹിയിലും കനത്ത മഴയാണ് തുടരുന്നത്. 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഡല്‍ഹി നഗരത്തിലും ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പഞ്ചാബിലും ഹരിയാനയിലും മരിച്ചവരുടെ എണ്ണം 15 ആയി. ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ത്ഥാടകര്‍ മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 207.25 അടിയാണ് നിലവിലെ ജലനിരപ്പ്. 1978 ലാണ് ഇതിനുമുമ്പ് യമുനയില്‍ ജലനിരപ്പ് 200 കടക്കുന്നത്. യമുനയുടെ തീരത്തുള്ള 163 ഗ്രാമങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും മലയോര സംസ്ഥാനങ്ങളില്‍ വ്യാപക മണ്ണിടിച്ചിലിനും കാരണമായി. കഴിഞ്ഞ രണ്ടു ദിവസമായി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും ദേശീയപാതകള്‍ അടച്ചിരിക്കുകയാണ്. 17 ട്രെയിനുകള്‍ റദ്ദാക്കുകയും 13 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. 

കാറ്റിന്റെ സ്വാധീനം കാലാവസ്ഥയെ പ്രതികൂലമാക്കി

ജൂലൈയിലെ ആദ്യ എട്ട് ദിവസങ്ങളില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. മണ്‍സൂണ്‍ സീസണിലെ മഴ 243.2 മില്ലീമീറ്ററിലെത്തി. ഇത് സാധാരണ 239.1 മില്ലീമീറ്ററില്‍ നിന്ന് രണ്ടു ശതമാനം കൂടുതലാണ്.

ശക്തമായ പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റുമാണ് കാലാവസ്ഥാ മാറ്റത്തിനു കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ശക്തമായ മണ്‍സൂണ്‍ പ്രതീക്ഷിച്ചിരുന്നതായും പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ഉത്തരേന്ത്യയില്‍ മഴ രൂക്ഷമാകുമ്പോള്‍ തമിഴ്‌നാട് ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവിലും കുറഞ്ഞ മഴയാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും തീരപ്രദേശങ്ങളില്‍ ജൂലൈ ആദ്യവാരമാണ് മഴ ശക്തമായത്.


#Daily
Leave a comment