PHOTO: WIKI COMMONS
സംസ്ഥാനത്ത് മഴ തുടരുന്നു; കടലാക്രമണത്തിന് സാധ്യത
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ചകൂടി തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍കളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ച് രാത്രിയോടെ വെള്ളം പമ്പുചെയ്ത് കളയുകയായിരുന്നു. ഇന്നലെ ഒരു മണിക്കൂര്‍ തോരാതെ മഴ പെയ്തപ്പോള്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. വൈറ്റില, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, കടവന്ത്ര, എം.ജി റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങി പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.