
മഴക്കെടുതി; ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി
ഗുജറാത്തില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കരസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അതേസമയം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ സൈഡ് മതില്‍ തകര്‍ന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും 40,000 പേരെ മാറ്റി താമസിപ്പിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അലോക് പാണ്ഡെ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജാംനഗറിലെ 71 ഗ്രാമങ്ങളിലെ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു. കച്ച്, ദ്വാരക, ജാംനഗര്‍, മോര്‍ബി, സുരേന്ദ്രനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, ജുനഗര്‍, ഗിര്‍ സോമനാഥ്, ഭാവ്‌നഗര്‍, അമ്രേലി എന്നിവിടങ്ങളില്‍ അതി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച സൗരാഷ്ട്ര മേഖലയിലെ ദ്വാരക, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍ തുടങ്ങിയ ഇടങ്ങളില്‍ 12 മണിക്കൂറില്‍ 50 മുതല്‍ 200 മില്ലിമീറ്ററിനിടയില്‍ മഴ ലഭിച്ചു. ദ്വാരക ജില്ലയിലെ ഭന്‍വാദ് താലൂക്കില്‍ 185 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മഴയാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി 14 ദേശീയ ദുരന്ത നിവാരണ സേന, 22 സംസ്ഥാന ദുരന്ത നിവാരണ സേന ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ആറ് കരസേന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.