
രാജസ്ഥാന്‍ പൊലീസ് ഉറുദു വാക്കുകള്‍ ഒഴിവാക്കുന്നു; പകരം ഹിന്ദി മതി
രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പൊലീസ് ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നും ഉറുദു വാക്കുകള്‍ ഒഴിവാക്കി പകരം ഹിന്ദി വാക്കുകള്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നു. നിലവില്‍ ഉപയോഗിക്കുന്ന ഉറുദു വാക്കുകളെ കണ്ടെത്താനും അതിന് പകരമുള്ള ഹിന്ദി വാക്കുകളെ നിര്‍ദ്ദേശിക്കാനും സംസ്ഥാന പൊലീസ് വകുപ്പിനോട് ആവശ്യപ്പെട്ടു.
ഈ വര്‍ഷമാദ്യം സംസ്ഥാന ആഭ്യന്തര മന്ത്രി ജവഹര്‍ സിങ് ബധാം രാജസ്ഥാന്‍ ഡിജിപി യു.ആര്‍ സാഹുവിന് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു.
'മുഗള്‍ കാലഘട്ടം മുതല്‍ ഉറുദു, പാഴ്‌സി, അറബി വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങി. മുഗള്‍ കാലഘട്ടത്തിലും അതിനുശേഷവും ഉറുദു ഭാഷ സംസാരിക്കുകയും സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി,' ബധാം പറഞ്ഞു.
നിലവില്‍ ഹിന്ദി കൂടുതലായി ഉപയോഗിക്കുന്നുവെന്നും സംസ്‌കൃതം മൂന്നാം ഭാഷയായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. ഹിന്ദി ഉപയോഗിക്കുന്നതിനാല്‍, പൊലീസ് സേനയില്‍ പുതുതായി ജോലി ലഭിക്കുന്നവര്‍ക്കും ഓഫീസര്‍മാര്‍ക്കും ഉറുദു നന്നായി അറിയില്ല. ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും മാറ്റം കൊണ്ടുവരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും അന്വേഷണത്തിലും കത്തുകളിലും ശുദ്ധമായ ഹിന്ദി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 22-ന് സംസ്ഥാനത്തുടനീളം പൊലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ഉറുദു വാക്കുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി സാഹു ട്രെയിനിങ് എഡിജിപിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഈ കത്തില്‍ മന്ത്രിയുടെ കത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
'സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം അനുസരിച്ച് പൊലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ഉറുദു വാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം. ഉറുദു വാക്കുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഹിന്ദി വാക്കുകള്‍ എന്താകാം? എല്ലാ ട്രെയിനികളേയും പുതിയ ഹിന്ദി വാക്കുകളെ കുറിച്ച് അറിയിക്കണം. പരിശീലനം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ഉറുദു ഉറപ്പായും ഒഴിവാക്കണം. നിലവില്‍ നടക്കുന്ന എല്ലാ പരിശീലനങ്ങളിലും പുതിയ വാക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം,' രാജസ്ഥാന്‍ ഡിജിപി സാഹു എഴുതിയ കത്തില്‍ പറയുന്നു.
മുക്കാദമ (കേസ്), ചല്ലാന്‍ (കുറ്റപത്രം), മുല്‍സിം (കുറ്റാരോപിതന്‍), മുജ്‌റിം (കുറ്റാരോപിതന്‍), ഗാവ (സാക്ഷി) തുടങ്ങിയവ ഉറുദു വാക്കുകളാണെന്നും ഉറുദു വാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അവയെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കാനും ആവശ്യപ്പെട്ടുവെന്ന് മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.