
PHOTO: PTI
ജനവിധി തേടി രാജസ്ഥാന്‍; പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും
ഒരുമാസംനീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ രാജസ്ഥാനില്‍ 200 മണ്ഡലങ്ങളില്‍ 199 ഇടങ്ങളിലേക്കുള്ള വോട്ടിങ് പുരോഗമിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിങ് പിന്നീടാകും നടക്കുക. 183 സ്ത്രീകള്‍ ഉള്‍പ്പെടെ 1,875 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് തിരഞ്ഞെടുപ്പ്. അഞ്ചുകോടിയിലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഗുജ്ജര്‍ വോട്ടുകള്‍ തിരിച്ചടിക്കുമോ?
അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിലാണ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍ ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിനുവേണ്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവര്‍ പ്രചാരണത്തില്‍ പങ്കാളികളായി. ഏഴു കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക.
ജാതിസര്‍വെയും സ്ത്രീകള്‍ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ ചാണകം, ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 50 ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് 15 ലക്ഷംരൂപ എന്നിവയാണ് കോണ്‍ഗ്രസ് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് മുന്നില്‍വച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍.
പ്രതീക്ഷ ഭരണപാരമ്പര്യത്തില്‍
ഭരണമാറ്റ പാരമ്പര്യത്തില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയില്‍ വസുന്ധര രാജ സിന്ധ്യയെ മറികടക്കാനായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഏറെ പടലപ്പിണക്കത്തിന് കാരണമായി. ഇതോടെ വസുന്ധര രാജ സ്വന്തം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് കൂടുതല്‍ സമയവും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ളവരാണ് ബിജെപി ക്കുവേണ്ടി പ്രചാരണരംഗത്ത് എത്തിയത്.
സംസ്ഥാനത്തെ അഴിമതി, ക്രമസമാധാന പ്രശ്‌നങ്ങള്‍, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് തുടങ്ങിയവയാണ് ബിജെപി തിരഞ്ഞെടുപ്പ് ആയുധമാക്കിയത്. കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍, ഗോതമ്പിന്റെ മിനിമം താങ്ങുവില വര്‍ധിപ്പിക്കല്‍, പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ സേവിംഗ്‌സ് ബോണ്ടുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി, സബ്‌സിഡി വര്‍ധനവ് തുടങ്ങി ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്.
നിലമെച്ചപ്പെടുത്താന്‍ സിപിഎം
സിക്കര്‍ മേഖലയില്‍ ശക്തമായ സംഘടനാ സ്വാധീനമുള്ള സിപിഎം ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 17 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ദുന്‍ഗര്‍ഗിലും ഭദ്രയിലും പാര്‍ട്ടി പ്രതീക്ഷവയ്ക്കുന്നു. 2018 ല്‍ രണ്ടാംസ്ഥാനത്തുവന്ന റൈസിംഗ്നഗര്‍, ദോദ് മണ്ഡലങ്ങളിലും ദന്താ രാംഗര്‍, സികര്‍ മണ്ഡലങ്ങളിലും സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നു.