അശോക് ഗെലോട്ട് | PHOTO: PTI
രാജസ്ഥാനില്‍ ജാതി സര്‍വ്വെ നടത്തും
ബിഹാറിലേതിനു സമാനമായി രാജസ്ഥാനിലും ജാതി സര്‍വ്വെ നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരുടെ കണക്കുകള്‍ കണ്ടെത്തി. ജനസംഖ്യാനുപാതികമായ പങ്കാളിത്തം എല്ലാ മേഖലയിലും ഉറപ്പുവരുത്തുമെന്നാണ് ജയ്പൂരില്‍ നടന്ന സംസ്ഥാന പാര്‍ട്ടി യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ റായ്പൂര്‍ സമ്മേളനത്തില്‍ വച്ച് രാഹുല്‍ ഗാന്ധിയാണ് ഇത്തരം ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നും ഗെലോട്ട് പറഞ്ഞു.
ബിഹാറിനു പിന്നാലെ രാജസ്ഥാനിലും
ജനസംഖ്യാനുപാതികമായുള്ള പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായാണ് ജാതി സര്‍വ്വെ നടത്തുന്നത്. വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്ന വിവിധ ജാതിയില്‍പ്പെട്ട ജനങ്ങള്‍ രാജ്യത്തുണ്ട്. കൃത്യമായ കണക്കുകള്‍ ലഭിച്ചാല്‍ മാത്രമേ സാമൂഹിക സുരക്ഷ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. ഒക്ടോബര്‍ രണ്ടിനാണ് ബിഹാറില്‍ ജാതി സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ബിഹാറിലെ ജനസംഖ്യ 12.7 കോടിയാണ്. അതില്‍ അതിപിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 36 ശതമാനവും പിന്നാക്ക വിഭാഗക്കാര്‍ 27.12 ശതമാനവും പട്ടിക ജാതി 19.7 ശതമാനവും പട്ടിക വര്‍ഗം 1.7 ശതമാനവുമാണ്. ജനസംഖ്യയുടെ 84 ശതമാനവും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.
വിഭജനം എന്ന വാദം ഉന്നയിച്ച് മോദി
ജാതി സര്‍വ്വെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് INDIA മുന്നണിയുടെ നീക്കം. ബിഹാറില്‍ സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ബിജെപി സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ജാതിയുടെ പേരില്‍ പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് മോദി പ്രതികരിച്ചത്. അതേസാഹചര്യത്തില്‍ രാജ്യത്താകെ ജാതി സര്‍വ്വെ നടത്തണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്.