രാമവിഗ്രഹ പ്രതിഷ്‌ഠ പ്രധാനമന്ത്രി മോഡി 2024 ജനുവരിയില്‍ നടത്തും
അയോധ്യയില്‍ പണി കഴിപ്പിക്കുന്ന ക്ഷേത്രത്തില്‍ 2024 ജനുവരി മൂന്നാം വാരത്തോടെ രാമവിഗ്രഹ പ്രതിഷ്‌ഠ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തും. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ ഗിരി മഹാരാജ് ബുധനാഴ്‌ച്ച മഹാരാഷ്ട്രയിലെ താനെയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ക്ഷേത്ര നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ജനുവരി മൂന്നാം വാരത്തോടെ രാം ലല്ലയുടെ (ശിശുവായ ശ്രീരാമന്‍) വിഗ്രഹം അതിന്റെ മൂലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിഷ്‌ഠിക്കും. ഏറെക്കാലം തുണിയുടെ പന്തലില്‍ സൂക്ഷിച്ചിരുന്ന രാം ലല്ലയുടെ വിഗ്രഹം ഇപ്പോള്‍ ചെറിയ ഒരു അമ്പലത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും താനെ ജില്ലയിലെ ഡോംബിവലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സ്വാമി ഗിരി മഹാരാജ് പറഞ്ഞു.
വിഗ്രഹം അതിന്റെ മൂലസ്ഥാനത്തു പ്രതിഷ്‌ഠിച്ചതിനു ശേഷവും ക്ഷേത്ര നിര്‍മ്മാണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകോവിലും, ഒന്നാം നിലയും, ദര്‍ശനത്തിനുള്ള സൗകര്യങ്ങളും 2024 ജനുവരിക്ക് മുമ്പ് പൂര്‍ത്തിയാക്കണം എന്നാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോടുള്ള ലോകത്തിന്റെ സമീപനം മാറിയെന്നു പറഞ്ഞ അദ്ദേഹം യോഗയും, ആയുര്‍വേദവും, ഇന്ത്യന്‍ സംഗീതവും ഒരു സാംസ്‌ക്കാരികമായ വിപ്ലവത്തിന് വഴിയൊരുക്കിയിരിക്കയാണെന്നും പറഞ്ഞു.
സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് 2019 നവംബറില്‍ നല്‍കിയ വിധിയെ തുടര്‍ന്നാണ് ഏറെ വിവാദങ്ങള്‍ക്കിടയായ ക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുങ്ങിയത്. ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്‌തിരുന്ന ബാബ്‌റി മസ്‌ജിദ് പള്ളി 1992 ഡിസംബര്‍ 6-ന് ഹിന്ദുത്വ വാദികള്‍ നശിപ്പിച്ചിരുന്നു. പള്ളി നശിപ്പിച്ച നടപടി തെറ്റായിരുന്നുവെന്നു സുപ്രീം കോടതി കണ്ടെത്തിയെങ്കിലും അത് നിലനിന്ന സ്ഥലം അമ്പലം പണിയുന്നതിന് വേണ്ടി നല്‍കുകയായിരുന്നു.