PHOTO: PTI
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്
ബെംഗളൂരു കുന്ദഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ബാഗുമായി വരുന്ന ഇയാള്‍ കഫേയുടെ പരിസരത്ത് നില്‍ക്കുന്നതും കണ്ണടയും മാസ്‌ക്കും തൊപ്പിയും ധരിച്ച് ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലേക്കു പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയുടെ ഉള്ളില്‍വെച്ച ശേഷം സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇയാള്‍ ഇവിടുന്ന് പോയതായാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സിസിടിവിയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തുവരികയാണ്. ബോംബ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ഐഇഡി സ്ഫോടനമാണെന്ന് സംശയം
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടതായും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ കഫേ ജീവനക്കാര്‍ അടക്കമുള്ള ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടനത്തില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരു ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.