TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി കിരീടം വിദര്‍ഭയ്ക്ക്

02 Mar 2025   |   1 min Read
TMJ News Desk

2024-25 സീസണിലെ രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളവും വിദര്‍ഭയും തമ്മില്‍ നടന്ന ഫൈനല്‍ സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ കിരീടം ചൂടി. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്. ആദ്യമായിട്ടാണ് കേരളം ഫൈനല്‍ കളിക്കുന്നത്.

സ്‌കോര്‍ വിദര്‍ഭ 379, ഒമ്പത് വിക്കറ്റിന് 375, കേരളം 342.

വിദര്‍ഭയുടെ രണ്ടാമിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പത്താം വിക്കറ്റിലെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കേരളത്തിനായില്ല. ഇതേതുടര്‍ന്ന് കേരളത്തിന്റെ ക്യാപ്റ്റന്‍ സചിന്‍ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാംഭിച്ച വിദര്‍ഭയുടെ അഞ്ച് വിക്കറ്റുകള്‍ ഇന്ന് കേരളം പിഴുതു. ഒന്നാമിന്നിങ്‌സില്‍ നഷ്ടമായ സെഞ്ച്വറി രണ്ടാം ഇന്നിങ്‌സില്‍ നേടിയ വിദര്‍ഭയുടെ ബാറ്റിങ്ങിന് കരുത്ത് പകര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ വിക്കറ്റാണ് ഇന്നാദ്യം വീഴ്ത്തിയത്. കരുണ്‍ 295 പന്തില്‍ നിന്നും 10 ബൗണ്ടറികളും രണ്ട് സിക്‌സുകളും അടക്കം 135 റണ്‍സെടുത്തു.

108 പന്തില്‍ നിന്നും 25 റണ്‍സെടുത്ത അക്ഷയ് വഡ്കര്‍, നാല് റണ്‍സെടുത്ത ഹര്‍ഷ് ദുബെ, 70 പന്തില്‍ നിന്നും 30 റണ്‍സെടുത്ത അക്ഷയ് കര്‍നേവാര്‍, മൂന്ന് റണ്‍സെടുത്ത നചികേത് ഭൂതെ എന്നിവരേയും കേരളം പുറത്താക്കി.

കേരളത്തിന്റെ സ്പിന്നര്‍ ആദിത്യ സര്‍വാതെയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. എന്നാല്‍ പത്താം വിക്കറ്റില്‍ ദര്‍ശന്‍ നാല്‍കണ്ടെയും യഷ് ഠാക്കൂറും ചേര്‍ന്ന് കേരളത്തിന്റെ ക്ഷമ കെടുത്തി. നാല്‍കണ്ടെ 51 റണ്‍സും ഠാക്കൂര്‍ എട്ട് റണ്‍സും എടുത്തു പുറത്താകാതെ നിന്നു.

അവസാന ദിനമായ ഇന്ന് വിദര്‍ഭയെ എത്രയും വേഗം പുറത്താക്കി അവര്‍ മുന്നോട്ടു വയ്ക്കുന്ന സ്‌കോറിനെ ടി20 ശൈലിയില്‍ അടിച്ചെടുക്കാമെന്ന മോഹവുമായിട്ടാണ് കേരളം കളിക്കളത്തിലെത്തിയത്. എന്നാല്‍ വിദര്‍ഭ അത് കെടുത്തി.


#Daily
Leave a comment