
രഞ്ജി ട്രോഫി: ബീഹാര്‍ 64 റണ്‍സിന് പുറത്ത്, കേരളത്തിന് 287 റണ്‍സ് ലീഡ്
രഞ്ജി ട്രോഫിയില്‍ കേരളത്തിന് 287 റൺസിൻ്റെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് ലീഡ്. രണ്ടാംദിനം ബീഹാറിനെ കേവലം 64 റണ്‍സിന് പുറത്താക്കിയാണ് കേരളം നിര്‍ണ്ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയത്. കേരളം ബീഹാറിനെ ഫോളോഓണ്‍ ചെയ്യിച്ചു. രണ്ടാമിന്നിങ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബീഹാര്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലാണ്.
ഇന്ന് രാവിലെ ഒമ്പത് വിക്കറ്റിന് 302 റണ്‍സ് എന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് പുനരാരംഭിച്ച കേരളം 351 റണ്‍സിന് പുറത്തായി. ഇന്നലെ സെഞ്ച്വറി നേടി കേരളത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച സല്‍മാന്‍ നിസ്സാര്‍ 150 റണ്‍സെടുത്തു പുറത്തായി. 236 പന്തില്‍ നിന്നും 15 ബൗണ്ടറികളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ആദ്യ രഞ്ജി സെഞ്ച്വറി. 54 പന്തില്‍ നിന്നും അഞ്ച് റണ്‍സെടുത്ത വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു.
ബീഹാറിന്റെ ഒന്നാമിന്നിങ്‌സിന്റെ നടുവൊടിച്ചത് കേരളത്തിന്റെ അതിഥി താരമായ ജലജ് സക്‌സേനയാണ്. 7.1 ഓവറില്‍ 19 റണ്‍സ് വിട്ടു നല്‍കി അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. നിതീഷ് എം ഡി രണ്ടും വൈശാഖ് ചന്ദ്രനും എ എ സാര്‍വതെ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ബീഹാറിന്റെ സ്‌കോര്‍ 15ല്‍ എത്തി നില്‍ക്കേ ഓപ്പണറായ മഹറൗറിനെ പുറത്താക്കി കൊണ്ട് വൈശാഖ് ചന്ദ്രന്‍ ആരംഭിച്ചത് ജലജ് സക്‌സേന ഏറ്റെടുക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ശ്രാമന്‍ നിഗ്രോദിനെ സക്‌സേന ബൗള്‍ഡ് ചെയ്തു. ആയുഷ് ലോഹറുഖ, എസ് ഗനി, ബിബിന്‍ സൗരഭ് എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍മാരേയും കൂടാതെ ഏഴാമനായ ബീഹാര്‍ ക്യാപ്റ്റന്‍ വീര്‍ പ്രതാപ് സിങിനേയും സക്‌സേന പുറത്താക്കി.
ബീഹാര്‍ നിരയിലെ ടോപ് സ്‌കോറര്‍ നിഗ്രോദ് ആണ്. 47 പന്തില്‍ നിന്നും 21 റണ്‍സെടുത്തു. 13 റണ്‍സെടുത്ത ലോഹറുഖയും 10 റണ്‍സെടുത്ത ഒമ്പതാമന്‍ ഗുലാം റബ്ബാനിയും ആണ് ഇരട്ടയക്കം കടന്ന ബീഹാറുകാര്‍. ബീഹാര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ലോഹറുഖയും നിഗ്രോദും ചേര്‍ന്നെടുത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 25 റണ്‍സാണ്.
.