TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി ഫൈനല്‍: കേരളം ഭേദപ്പെട്ട നിലയില്‍

27 Feb 2025   |   1 min Read
TMJ News Desk

ഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 379 റണ്‍സ് പിന്തുടരുന്ന കേരളം മൂന്ന് വിക്കറ്റിന് 131 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. വിദര്‍ഭയുടേതിന് സമാനമായി തകര്‍ച്ചയോടെയാണ് കേരളത്തിന്റേയും തുടക്കം.14 റണ്‍സെടുക്കുന്നതിന് ഇടയില്‍ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും കൂടാരം കയറിയിരുന്നു. ഡി ജി നാല്‍കാണ്ടെയാണ് ഇരുവരേയും ബൗള്‍ഡാക്കിയത്. രോഹന്‍ റണ്‍സൊന്നും എടുക്കാതെയും അക്ഷയ് 11 പന്തില്‍ 14 റണ്‍സെടുത്തുമാണ് പുറത്തായത്.

എന്നാല്‍, വിദര്‍ഭയെക്കുറിച്ച് സര്‍വവും അറിയാവുന്ന എ എ സര്‍വാതേ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സ്‌കോര്‍ 107ല്‍ എത്തിയപ്പോള്‍ വൈ ആര്‍ താക്കൂര്‍ ഇമ്രാനെ പുറത്താക്കി. 83 പന്തില്‍ നിന്നും 37 റണ്‍സാണ് ഇമ്രാനെടുത്തത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 178 പന്തില്‍ നിന്നും 93 റണ്‍സെടുത്തു.

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സചിന്‍ ബേബിയും സര്‍വാതേയും ചേര്‍ന്ന് കേരള ഇന്നിങ്‌സിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സര്‍വാതേ 120 പന്തില്‍നിന്നും 66 റണ്‍സും സചിന്‍ 23 പന്തില്‍ നിന്നും ഏഴ് റണ്‍സും എടുത്ത് പുറത്താകാതെ നില്‍ക്കുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ കേരളം 248 റണ്‍സ് പിന്നിലാണ്.

രണ്ടാംദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയുടെ ശേഷിച്ച ആറ് വിക്കറ്റുകള്‍ 125 റണ്‍സിനിടെ വീണു. ഒമ്പത് വിക്കറ്റിന് 335 റണ്‍സ് എന്ന നിലയില്‍ ആയിരുന്ന വിദര്‍ഭയെ 10ാം വിക്കറ്റ് കൂട്ടുകെട്ടിലെ 44 റണ്‍സ് ആണ് 379 റണ്‍സിലെത്തിച്ചത്. നചികേത് ഭൂട്ടെയും ഹര്‍ഷ് ദുബെയും ചേര്‍ന്നാണ് 44 റണ്‍സെടുത്തത്. ഭൂട്ടെ ഏകദിന ശൈലിയില്‍ 38 പന്തില്‍ നിന്നും 32 റണ്‍സ് എടുത്തു. രണ്ട് സിക്‌സുകളും ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഏദന്‍ ആപ്പിള്‍ ടോം, എം ഡി നിധീഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റുകളും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ വിദര്‍ഭ: 379. കേരളം: 131/ 3

#Daily
Leave a comment