
രഞ്ജി ട്രോഫി: തിരിച്ചടിച്ച് ഗുജറാത്ത്; ശക്തമായ നിലയില്‍
അഹമ്മദാബാദില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കേരളത്തിന്റെ 457 റണ്‍സ് എന്ന സ്‌കോറിന് ശക്തമായ മറുപടിയുമായി ഗുജറാത്ത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 71 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്.
ഓപ്പണര്‍മാര്‍ ഗുജറാത്തിന് മികച്ച തുടക്കം നല്‍കി. 36.4 ഓവറില്‍ 131 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. റണ്‍ റേറ്റ് 3.13 ആണ്. ഓപ്പണറായ പി കെ പഞ്ചല്‍ 200 പന്തില്‍ നിന്നും 13 ബൗണ്ടറികളും ഒരു സിക്‌സും അടിച്ച് 117 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. സിക്‌സടിച്ചാണ് അദ്ദേഹം സെഞ്ച്വറി കടന്നത്.
പുറത്തായ ഓപ്പണര്‍ ആര്യ ദേശായി 118 പന്തില്‍ നിന്നും 73 റണ്‍സ് നേടി. 11 ബൗണ്ടറികളും ഒരു സിക്‌സും ആര്യ നേടി. ആര്യയെ ബേസില്‍ എന്‍ പി ബൗള്‍ഡാക്കി.
മൂന്നാമനായി ഇറങ്ങിയ എം എ ഹിന്‍ഗ്രാജിയ 108 പന്തില്‍ നിന്നും നാല് ബൗണ്ടറികള്‍ അടക്കം 30 റണ്‍സെടുത്ത് പഞ്ചലിന് കൂട്ടുനില്‍ക്കുന്നു.
മൂന്നാം ദിനം ഏഴിന് 418 എന്ന റണ്‍സിന് ബാറ്റിങ് പുനരാംഭിച്ച കേരളം 457 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 177 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒന്നാമിന്നിങ്‌സ് ലീഡ് നേടുകയെന്ന പരിശ്രമത്തിലാണ് രണ്ട് ടീമുകളും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഒന്നാംമിന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ ഫൈനലിലേക്ക് പ്രവേശിക്കാം.