TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: ജമ്മുകശ്മീര്‍ ശക്തമായ നിലയില്‍

09 Feb 2025   |   1 min Read
TMJ News Desk

കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാമിന്നിങ്‌സില്‍ ജമ്മുകശ്മീര്‍ 280 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 16 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

രണ്ടാം ദിനം എട്ട് വിക്കറ്റിന് 228 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ജമ്മുകശ്മീരിനുവേണ്ടി വാലറ്റം മികച്ച പ്രതിരോധം തീര്‍ത്തു. ബൗളര്‍മാരായ യുദ്ധ്‌വീര്‍ സിങ് 31 പന്തില്‍ 26 റണ്‍സും അക്വിബ് നബി 30 പന്തില്‍ നിന്നും 32 റണ്‍സും ഉമര്‍ നാസിര്‍ 19 പന്തില്‍ നിന്നും 14 റണ്‍സും നേടി. മൂന്ന് പേരും രണ്ട് വീതം ബൗണ്ടറികളും അക്വിബ് ഒരു സിക്‌സറും നേടി. ജമ്മുകശ്മീരിനുവേണ്ടി അവസാന രണ്ട് വിക്കറ്റ് കൂട്ടുകെട്ടുകളും യഥാക്രമം 36, 34 റണ്‍സുകള്‍ വീതം നേടി. ഇന്നലെ നാല് വിക്കറ്റിന് 67 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ജമ്മുകശ്മീരിനെ മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

യുദ്ധ്‌വീറിനെ നിധീഷ് എംഡി മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ അക്വിബിനെ സര്‍വാതെ ബൗള്‍ഡാക്കി. ഉമര്‍ പുറത്താകാതെ നിന്നു.

കേരളത്തിനുവേണ്ടി നിധീഷ് ആറ് വിക്കറ്റുകള്‍ നേടി. സാര്‍വതെ രണ്ടും ബേസില്‍ എന്‍പിയും ബേസില്‍ തമ്പനിയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഒന്നാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് അക്വിബ് നബിയാണ്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോഴാണ് രണ്ട് വിക്കറ്റുകള്‍ വീണത്. ഓപ്പണര്‍ റോഹന്‍ എസ് കുന്നുമ്മേലിനേയും ഫസ്റ്റ് ഡൗണായി ഇറങ്ങിയ ഷോണ്‍ ജോര്‍ജിനേയും ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിച്ചും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ ബൗള്‍ഡാക്കിയും അക്വിബ് കേരളത്തെ ഞെട്ടിച്ചു. റോഹന്‍ ഒരു റണ്‍സും ഷോണ്‍ റണ്‍സൊന്നും എടുക്കാതെയുമാണ് പുറത്തായത്. സചിന്‍ രണ്ട് റണ്‍സെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 പന്തില്‍ നിന്നും എട്ട് റണ്‍സുമായി അക്ഷയ് ചന്ദ്രനും ഒരു പന്തില്‍ നിന്നും ഒരു റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് ക്രീസില്‍.


#Daily
Leave a comment