
രഞ്ജി ട്രോഫി: ഒന്നാമിന്നിങ്‌സ് ലീഡിനായി കേരളവും ഗുജറാത്തും പൊരുതുന്നു
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാമെന്ന കേരളത്തിന്റെ മോഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഗുജറാത്തിന്റെ പ്രതിരോധം. മൂന്ന് വിക്കറ്റ് അവശേഷിക്കേ ഒന്നാമിന്നിങ്‌സ് ലീഡ് നേടാന്‍ ഇനി അവര്‍ക്ക് 29 റണ്‍സ് കൂടി മതി.
നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 429 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്. കേരളം ഒന്നാമിന്നിങ്‌സില്‍ 457 റണ്‍സ് എടുത്തിരുന്നു.
സെമി ഫൈനല്‍ മത്സരം തീരാന്‍ ഇനി ഒരു ദിവസം മാത്രം അവശേഷിക്കവേ ഫലം ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. അതിനാല്‍ ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടുന്ന ടീം ഫൈനലിലേക്ക് മുന്നേറും. കേരളത്തിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ മുട്ടിടിച്ച് വീഴുമെന്ന് കരുതിയ ഗുജറാത്ത് ഒന്നാമിന്നിങ്‌സ് ലീഡ് നേടുന്നതിനായി ശക്തമായ പ്രതിരോധമാണ് കാഴ്ച്ച വയ്ക്കുന്നത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ കേരളത്തിന് ആയി. മൂന്നാം ദിനം സെഞ്ച്വറി നേടിയിരുന്ന ഓപ്പണര്‍ പാഞ്ചല്‍ 148 റണ്‍സ് എടുത്ത് ജലജ് സക്‌സനേയുടെ പന്തില്‍ ബൗള്‍ഡായി.
ആറാമനായി ഇറങ്ങിയ ജയ്മീത് പട്ടേലാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. അദ്ദേഹം 161 പന്തില്‍ നിന്നും 74 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. വെറും രണ്ട് ബൗണ്ടറികള്‍ മാത്രമാണ് അദ്ദേഹം നേടിയത്. ഒമ്പതാമനായി ഇറങ്ങിയ എസ് എ ദേശായി 134 പന്തില്‍ നിന്നും 24 റണ്‍സെടുത്ത് പട്ടേലിനൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 220 പന്തില്‍ നിന്നും 72 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു.
ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണ് ഗുജറാത്ത് ഇന്നിങ്‌സിന് അടിത്തറ പാകിയത്. പഞ്ചലും ആര്യ ദേശായിയും ചേര്‍ന്ന് ഓപ്പണങ്ങില്‍ 131 റണ്‍സും ഹിഞ്ച്രാജിയയും പഞ്ചലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 107 റണ്‍സും നേടിയിരുന്നു.
ഹിഞ്ച്രാജിയ 127 പന്തില്‍ നിന്നും 33 റണ്‍സും ഉര്‍വില്‍ പട്ടേല്‍ 43 പന്തില്‍ നിന്നും 27 റണ്‍സും ക്യാപ്റ്റന്‍ ഗജ 14 പന്തില്‍ നിന്നും രണ്ട് റണ്‍സും വിശാല്‍ ബി ജയ്‌സ്വാള്‍ 49 പന്തില്‍ 14 റണ്‍സും എടുത്ത് പുറത്തായി.
ജലജ് സക്‌സേന 137 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാര്‍വതെ 104 റണ്‍സ് വഴി ഒരു വിക്കറ്റ് നേടി. കഴിഞ്ഞ കളികളില്‍ എതിരാളികളെ വിറപ്പിച്ച നിധീഷ് എം ഡി 86 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ബേസില്‍ എന്‍ പിക്കും ഒരു വിക്കറ്റ് ലഭിച്ചു. 131 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത് ബേസിലാണ്. 59 റണ്‍സ് വഴങ്ങി.


