TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: കേരളം സമനിലയ്ക്കായി പൊരുതുന്നു

11 Feb 2025   |   2 min Read
TMJ News Desk

ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ജമ്മുകശ്മീരിന് രണ്ടാം ഇന്നിങ്ങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ജമ്മുകശ്മീര്‍ 399 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഒരു ദിവസം അവശേഷിക്കേ, കേരളത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ജമ്മുകശ്മീരിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, കേരളത്തിന് സെമി പ്രവേശനത്തിന് സമനില മതി.

78 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ജമ്മുകശ്മീരിനെ മധ്യനിരയും വാലറ്റവും ചേര്‍ന്ന് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചു.

രണ്ടാമിന്നിങ്‌സില്‍ ജമ്മുകശ്മീരിനുവേണ്ടി ക്യാപ്റ്റന്‍ പി ജെ ദോഗ്ര സെഞ്ച്വറി നേടി. 232 പന്തില്‍ നിന്നും 13 ബൗണ്ടറികളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയോടെ ദോഗ്ര 132 റണ്‍സെടുത്തു.

വിക്കറ്റ് കീപ്പര്‍ കനയ്യ വധാവനും സഹില്‍ ലോത്രയും അര്‍ദ്ധ സെഞ്ച്വറി നേടി. കനയ്യ 64 ഉം സഹില്‍ 59 ഉം റണ്‍സ് നേടി.

നാലാം വിക്കറ്റില്‍ ദോഗ്രയും കനയ്യും ചേര്‍ന്ന് നേടിയ 146 റണ്‍സിന്റെ കൂട്ടുകെട്ട് ജമ്മുകശ്മീരിന്റെ റണ്‍മലയില്‍ നെടുംതൂണായി. കനയ്യ പുറത്തായശേഷം അഞ്ചാം വിക്കറ്റില്‍ ദോഗ്രയും സഹിലും ചേര്‍ന്ന് 50 റണ്‍സും നേടി. പിന്നീട് സഹില്‍ ആബിദ് മുഷ്താഖിനും യുദ്ധ് വീര്‍ സിങിനും ഒപ്പം ചേര്‍ന്ന് യഥാക്രമം 42 റണ്‍സിന്റേയും 46 റണ്‍സിന്റേയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

കേരളത്തിനുവേണ്ടി നിധീഷ് എംഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ എന്‍പിയും സര്‍വാതെയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. അവശേഷിച്ച വിക്കറ്റ് ജലജ് സക്‌സേന സ്വന്തമാക്കി.

ഒന്നാമിന്നിങ്‌സില്‍ കേരളം ഒരു റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. കേരളം പരാജയപ്പെടാതെ ഇരുന്നാല്‍ ഈ ലീഡിന്റെ ബലത്തില്‍ കേരളത്തിന് സെമി കളിക്കാം. അതേസമയം, ജമ്മുകശ്മീരിന് ജയിച്ചേ മതിയാകൂ എന്ന സാഹചര്യമാണുള്ളത്.

രണ്ടാമിന്നിങ്‌സില്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റും വീഴ്ത്തിയത് യുദ്ധ് വീര്‍ സിങ് ആണ്. രോഹന്‍ കുന്നുമ്മല്‍ 39 പന്തില്‍ നിന്നും 36 റണ്‍സ് എടുത്തു. ഏഴ് ബൗണ്ടറികള്‍ അടിച്ച് ഏകദിന ശൈലിയിലാണ് കുന്നുമ്മല്‍ ബാറ്റ് ചെയ്തത്. കുന്നുമ്മലിനെ യുദ്ധ് വീര്‍ സിങിന്റെ പന്തില്‍ കനയ്യ പിടികൂടി പുറത്തായി. 19 പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത ഷോണ്‍ റോജറെ വിവ്രാന്ത് ശര്‍മ്മയും പിടികൂടി.

ഓപ്പണറായ അക്ഷയ് ചന്ദ്രന്‍ 57 പന്തില്‍ നിന്നും 24 റണ്‍സും ക്യാപ്റ്റന്‍ സചിന്‍ ബേബി 18 പന്തില്‍ നിന്നും ഒരു റണ്‍സും എടുത്ത് ക്രീസിലുണ്ട്. ഒരു ദിവസം അവശേഷിക്കേ സമനില നേടാന്‍ വേണ്ടിയാകും കേരളത്തിന്റെ ശ്രമം.



#Daily
Leave a comment