
രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് കേരളം ഫൈനലില്‍
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തി. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്തിനെതിരെ ആവേശകരമായ സമനില പിടിച്ച് ഒന്നാമിന്നിങ്‌സിലെ രണ്ട് റണ്‍സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലില്‍ കടന്നു. കരുത്തരായ മുംബൈയെ തോല്‍പ്പിച്ചെത്തുന്ന വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാമിന്നിങ്‌സില്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഇരുടീമുകളും സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ റോഹന്‍ എസ് കുന്നുമ്മല്‍ 69 പന്തില്‍ നിന്നും 32 റണ്‍സും അക്ഷയ് ചന്ദ്രന്‍ 34 പന്തില്‍ നിന്നും ഒമ്പത് റണ്‍സും വരുണ്‍ നായനാര്‍ 11 പന്തില്‍ നിന്നും ഒരു റണ്ണും സചിന്‍ ബേബി 19 പന്തില്‍ നിന്നും 10 റണ്‍സും എടുത്ത് പുറത്തായി. 90 പന്തില്‍ നിന്നും 37 റണ്‍സെടുത്ത ജലജ് സക്‌സേനയും 57 പന്തില്‍ നിന്നും 14 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും മത്സരം അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.
ഗുജറാത്തിന്റെ എസ് എ ദേശായിയും എം എ ഹിഞ്ച്രാജിയയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രാവിലെ കേരളം ഒന്നാമിന്നിങ്‌സില്‍ രണ്ട് റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. അതിനാല്‍, ഗുജറാത്തിന് ഫൈനലില്‍ കടക്കാന്‍ വിജയിക്കണമായിരുന്നു. എന്നാല്‍, അവസാന ദിനമായ ഇന്ന് അവശേഷിച്ച ഓവറുകളില്‍ കേരളത്തെ പുറത്താക്കി വിജയം പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.
അത്യന്തം നാടകീയമായാണ് കേരളം ലീഡ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 457 റണ്‍സ് എടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്ത് പുറത്തായി.
ഗുജറാത്തിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ട് ലീഡ് പിടിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് അവസാന വിക്കറ്റ് വീണത്. കേരളത്തിന്റെ സ്‌കോറിനേക്കാള്‍ രണ്ട് റണ്‍സ് മാത്രം പിന്നില്‍ നില്‍ക്കവേ നാഗ്വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് പൊങ്ങി സ്ലിപ്പില്‍ നിന്ന കേരളത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളില്‍ സുരക്ഷിതമായി എത്തി. നിസ്സാറിന്റെ ഹെല്‍മറ്റില്‍ തട്ടാതിരുന്നെങ്കില്‍ ഉറപ്പായും ബൗണ്ടറി കടക്കുമായിരുന്ന പന്തായിരുന്നു അത്.
ഗുജറാത്തിന്റെ ഒന്നാമിന്നിങ്‌സിലെ അവസാന മൂന്ന് വിക്കറ്റും വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ ആധിയകറ്റിയത്. ഇന്നലെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടിയിരുന്ന ഗുജറാത്തിന് കേരളത്തിന്റെ സ്‌കോറിനൊപ്പം എത്താന്‍ 28 റണ്‍സ് മതിയായിരുന്നു. മൂന്ന് വിക്കറ്റ് അവശേഷിക്കവേ അത് അസാധ്യമായിരുന്നില്ല.
അഞ്ചാം ദിനം തുടക്കത്തില്‍ ജയ്മീത് പട്ടേലും സിദ്ധാര്‍ത്ഥ് ദേശായിയും ആയിരുന്നു കേരളത്തിന്റെ മുന്നിലെ പ്രധാന പ്രതിരോധക്കോട്ട. എന്നാല്‍, ഇന്നലത്തേതില്‍ നിന്നും അഞ്ച് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ പട്ടേലിന് കഴിഞ്ഞുള്ളൂ. 117 പന്തില്‍ 79 റണ്‍സെടുത്ത് പട്ടേല്‍ പുറത്തായി. രാവിലെ പട്ടേലിന്റെ ക്യാച്ച് സച്ചിന്‍ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ ആ ഭാഗ്യം മുതലാക്കാന്‍ പട്ടേലിന് കഴിഞ്ഞില്ല. കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റമ്പ് ചെയ്തു പുറത്താക്കി.
ദേശായി ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 30 റണ്‍സിന് പുറത്തായി. എന്നാല്‍ അവസാന വിക്കറ്റില്‍ നാഗ്വസ്വല്ലയും ജഡേജയും എട്ടു ഓവര്‍ പ്രതിരോധിച്ച് ഏഴ് റണ്‍സ് നേടി. ഇവര്‍ ഗുജറാത്തിന് ലീഡ് നേടി കൊടുക്കുമെന്ന് ഏവരും ഉറപ്പിച്ച സമയത്താണ് കേരളത്തിന്റെ ഭാഗ്യം നിസ്സാറിന്റെ ഹെല്‍മറ്റിന്റെ രൂപത്തിലെത്തിയത്.
സ്‌കോര്‍: കേരളം 457, നാല് വിക്കറ്റിന് 114. ഗുജറാത്ത് 455.


