
രഞ്ജി ട്രോഫി: കേരളത്തിന് രണ്ട് റണ്‍സ് ലീഡ്; ഫൈനല്‍ സാധ്യത നിലനിര്‍ത്തി
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കേരളം ചരിത്രത്തിലാദ്യമായി ഈ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കും. ഗുജറാത്തിനെതിരായ സെമി ഫൈനലില്‍ നിര്‍ണായകമായ ഒന്നാംമിന്നിങ്‌സ് ലീഡ് കേരളം സ്വന്തമാക്കി. രണ്ട് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. സ്‌കോര്‍ കേരളം 457, ഗുജറാത്ത് 455.
മത്സരം സമനിലയില്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പുള്ളതിനാല്‍ കേരളം ഫൈനല്‍ യോഗ്യത നേടാനാണ് സാധ്യത.
ഗുജറാത്തിന് ഇനി കേരളത്തെ തോല്‍പ്പിച്ചാല്‍ മാത്രമേ ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളൂ. രണ്ടാമിന്നിങ്‌സില്‍ കേരളത്തെ കുറഞ്ഞ സ്‌കോറിന് പുറത്താക്കുകയും കേരളം നേടുന്ന റണ്‍സ് മറികടക്കുകയും വേണം. അതിനുള്ള സാധ്യത തുലോം വിരളമാണ്.
മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഗുജറാത്ത് ഏഴ് വിക്കറ്റിന് 429 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് ആരംഭിച്ചത്. കേരളത്തിന്റെ സ്‌കോറിനെ മറികടന്ന് ലീഡ് നേടാന്‍ 29 റണ്‍സ് വേണമായിരുന്നു. എന്നാല്‍, കേരളത്തിന്റെ സ്‌കോറിന് രണ്ട് റണ്‍സിന് പിന്നില്‍ ഗുജറാത്തിന്റെ എല്ലാ കളിക്കാരും പുറത്തായി.
ഇന്നലെ കേരളത്തിന്റെ സ്വപ്‌ന നേട്ടത്തിന് മുന്നില്‍ തടസ്സമായി നിന്നത് ജയ്മീത് പട്ടേലായിരുന്നു. ജയ്മീത് ഇന്നലെ 74 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ ലീഡെന്ന ചുമതലയുടെ ഭാരവുമായി ഇന്ന് രാവിലെ ക്രീസിലെത്തിയ പട്ടേലിന് അഞ്ച് റണ്‍സ് കൂടി മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളൂ. പട്ടേലിനെ സാര്‍വതെയുടെ പന്തില്‍ മുഹമ്മദ് അസ്സറുദ്ദീന്‍ പിടികൂടി. അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ കൂടി വേഗം വീഴ്ത്തി ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹത്തെ എസ് എ ദേശായിയും എ നാഗ്വാസല്ലയും പ്രതിരോധിച്ചു. സ്‌കോര്‍ 446 ആയപ്പോള്‍ 164 പന്തില്‍ നിന്നും 30 റണ്‍സെടുത്ത ദേശായി സാര്‍വതേയ്ക്ക് മുന്നില്‍ വീണുവെങ്കിലും അവസാന ബാറ്റ്‌സ്മാനായ പി എന്‍ ജഡേജയെ കൂട്ടുപിടിച്ച് നാഗ്വാസല്ല പോരാട്ടം തുടര്‍ന്നു. 48 പന്തില്‍ നിന്നും 10 റണ്‍സ് നാഗ്വാസല്ല നേടി. ജഡേജ 30 പന്തില്‍ നിന്നും മൂന്ന് റണ്‍സെടുത്തു. ഒടുവില്‍ കേരളത്തിന്റെ സ്‌കോറിന് രണ്ട് റണ്‍സകലെ നാഗ്വാസല്ലയെ സര്‍വാതേയുടെ പന്തില്‍ ക്യാപ്റ്റന്‍ സചിന്‍ ബേബി പിടികൂടി.
നാഗ്വാസല്ല അടിച്ച പന്ത് സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് പൊങ്ങി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സചിന്‍ ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പം ഉണ്ടായെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് ആശ്വാസമായി. അവസാനത്തെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് സര്‍വാതെയാണ്.


