TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: ബീഹാറിനെതിരെ കേരളം മികച്ച സ്‌കോറില്‍

30 Jan 2025   |   1 min Read
TMJ News Desk

ബീഹാറിനെതിരെ തോല്‍ക്കാതിരുന്നാല്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാമെന്ന സ്വപ്‌ന ലക്ഷ്യം മുന്നിലുള്ള കേരളം ആദ്യ ദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. തകര്‍ന്നും ഇടറിയും എന്നാല്‍ വീര്യം ചോരാതെ പൊരുതുകയും ചെയ്താണ് കേരളം ആദ്യ ദിനം മൂന്നൂറ് കടന്ന സ്‌കോര്‍ നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 84 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കേരളം 302 റണ്‍സെടുത്തിട്ടുണ്ട്.

ആദ്യ 81 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ സെഞ്ച്വറി നേടിയ സല്‍മാന്‍ നിസ്സാറാണ് രക്ഷിച്ചത്. 172 പന്തില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സുമായി പുറത്താകാതെ 111 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നിസ്സാര്‍ അഞ്ചാം വിക്കറ്റില്‍ ഷോണ്‍ റോജറിനൊപ്പം ചേര്‍ന്ന് 89 റണ്‍സിന്റേയും ഒമ്പതാം വിക്കറ്റില്‍ നിതീഷ് എംഡിയ്‌ക്കൊപ്പം 79 റണ്‍സിന്റേയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിന് രക്ഷയായത്. ബാറ്റിങ് തുടരുന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ബൗളറായ വൈശാഖ് ചന്ദ്രനൊപ്പം ചേര്‍ന്ന് നിസാര്‍ 49 പന്തില്‍ നിന്നും 21 റണ്‍സ് നേടി. 14 പന്തില്‍ നിന്നും ഒരു റണ്‍സാണ് വൈശാഖിന്റെ സംഭാവന.

റോജര്‍ 119 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളുടെ കരുത്തില്‍ 59 റണ്‍സും നിതീഷ് 43 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടേയും ഒരു സിക്‌സിന്റേയും കരുത്തില്‍ 30 റണ്‍സും നേടി. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ 77 പന്തില്‍ നിന്നും 38 റണ്‍സ് നേടി. ആറ് ബൗണ്ടറികളാണ് അക്ഷയ് നേടിയത്. ബീഹാര്‍ ബൗളര്‍മാര്‍ 25 റണ്‍സ് എക്‌സ്ട്രാകള്‍ വഴങ്ങിയതും കേരളത്തിന് സഹായകമായി. മറ്റുള്ളവര്‍ക്ക് ടീമിന് ഗുണമാകുന്ന തരത്തിലുള്ള സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

ബീഹാറിനുവേണ്ടി എട്ട് ബൗളര്‍മാര്‍ പന്തെറിഞ്ഞതില്‍ ഏഴുപേരും ഒന്നും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.



#Daily
Leave a comment