
രഞ്ജി ട്രോഫി: സല്‍മാന്‍ രക്ഷകനായി; കേരളത്തിന് നിര്‍ണായക ഒന്നാമിന്നിങ്‌സ് ലീഡ്
ജമ്മുകശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് നിര്‍ണായക ലീഡ്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം സെമി ഫൈനലിൽ കടക്കും. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബീഹാറിനെതിരെ കേരളത്തിന്റെ രക്ഷകനായ സല്‍മാന്‍ നിസാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ടീമിനെ രക്ഷിച്ചു. സല്‍മാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ചു.
ഒമ്പത് വിക്കറ്റിന് 200 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം സല്‍മാന്റെ സെഞ്ച്വറിയുടെ മികവില്‍ 281 റണ്‍സ് എടുത്തു. ഒരു റണ്‍സിന്റെ ലീഡ് നേടിയതിന് പിന്നാലെ കേരളം ഓള്‍ഔട്ടായി.
172 പന്തില്‍ നിന്നും 112 റണ്‍സെടുത്ത് സല്‍മാന്‍ പുറത്താകാതെ നിന്നപ്പോള്‍ ലീഡ് നേടുന്നത് വരെ സല്‍മാന് മികച്ച പിന്തുണയുമായി നിന്ന ബേസില്‍ തമ്പിയെ അഖ്വിബ് നബി പുറത്താക്കി.
12 ബൗണ്ടറികളും 4 സിക്‌സുകളും അടങ്ങുന്നതാണ് സല്‍മാന്റെ ഇന്നിങ്‌സ്. ബേസില്‍ തമ്പി 35 പന്തില്‍ നിന്നും 15 റണ്‍സെടുത്തു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സല്‍മാനും ബേസില്‍ തമ്പിയും ചേര്‍ന്ന് 132 പന്തില്‍ നിന്നും 81 റണ്‍സ് നേടി. ഇതില്‍ 63 റണ്‍സും സല്‍മാന്റെ വകയായിരുന്നു.
ഇന്നലെ സല്‍മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് 26 റണ്‍സിന്റേയും നിധീഷ് എംഡിയുമൊത്ത് 54 റണ്‍സിന്റേയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിരുന്നു.
ജമ്മുകശ്മീരിന്റെ അക്വിബ് നബി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. യുദ്ധ് വീര്‍ സിങ്ങും സാഹില്‍ ലോത്രയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ജമ്മു കാശ്മീരിന്റെ ആദ്യ ഇന്നിങ്‌സ് 280 റണ്‍സിന് അവസാനിച്ചിരുന്നു.
കേരളത്തിന്റേതിന് സമാനമായി അവസാന വിക്കറ്റുകളിലെ ചെറുത്തുനില്പാണ് ഇന്നലെ രണ്ടാം ദിവസം കളി ജമ്മു കശ്മീരിന് അനുകൂലമാക്കിയത്. എട്ട് വിക്കറ്റിന് 228 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കശ്മീരിനെ യുധ്വീര്‍ സിങ്ങിന്റെയും അക്വിബ് നബിയുടെയും ഇന്നിങ്‌സുകളാണ് 280 വരെയെത്തിച്ചത്. യുധ്വീര്‍ സിങ് 26ഉം ആക്വിബ് നബി 32ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബിയെ പുറത്താക്കി ആദിത്യ സര്‍വാടെ രഞ്ജി ട്രോഫിയില്‍ 300 വിക്കറ്റ് തികച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഷോണ്‍ റോജര്‍ റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ ഒന്നും സച്ചിന്‍ ബേബി രണ്ടും റണ്‍സെടുത്ത് പുറത്തായി. മൂന്ന് പേരെയും പുറത്താക്കി അക്വിബ് നബിയാണ് കേരള ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. നാലാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ജലജ് സക്‌സേയും ചേര്‍ന്ന് നേടിയ 94 റണ്‍സാണ് കേരളത്തെ കരകയറ്റിയത്. അക്ഷയ് ചന്ദ്രന്‍ 124 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്തപ്പോള്‍, ജലജ് സക്‌സേന 67 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ മൊഹമ്മദ് അസറുദ്ദീന്‍ 15ഉം ആദിത്യ സര്‍വാടെ ഒരു റണ്ണും എടുത്ത് പുറത്തായി. യുധ്വീര്‍ സിങ്ങാണ് ഇരുവരെയും പുറത്താക്കിയത്.