TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

രഞ്ജിത് ശ്രീനിവാസന്‍ വധകേസ്; 15 പ്രതികള്‍ക്കും വധശിക്ഷ, വിധി അപൂര്‍വ്വമെന്ന് പ്രോസിക്യൂഷന്‍

30 Jan 2024   |   1 min Read
TMJ News Desk

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് വധശിക്ഷ വിധിച്ചത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 നായിരുന്നു കോടതി കണ്ടെത്തിയത്.

വിധി അപൂര്‍വ്വം

ഒരു കൊലപാതകത്തില്‍ 15 പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ പ്രതികരിച്ചു. സാക്ഷികള്‍ പ്രതികളെ കോടതിയില്‍ കൃത്യമായി തിരിച്ചറിഞ്ഞതാണ് കേസിന് ഗുണകരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ഡിസംബര്‍ 19 നാണ് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ വച്ച് വെട്ടികൊലപ്പെടുത്തുന്നത്. ഡിസംബര്‍ 18 ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം. ശ്രീനിവാസന്‍ വധം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.


#Daily
Leave a comment