
PHOTO: PTI
വീരപ്പന്‍ വേട്ടയുടെ മറവിലെ ബലാത്സംഗം: 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാര്‍
വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്.
126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പോലീസുകാരും അഞ്ച് റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് 2011 സെപ്തംബറില്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കാലയളവില്‍ 54 പേര്‍ മരിച്ചതിനാല്‍ 215 പേരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. 2011 ല്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ധര്‍മപുരിയിലെ കോടതിയില്‍ നിന്ന് ഉത്തരവുണ്ടായി. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.
കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നടപടി
പത്തുവര്‍ഷം വരെ തടവുശിക്ഷയാണ് വിചാരക്കോടതി പ്രതികള്‍ക്ക് വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായ 18 സ്ത്രീകള്‍ക്കും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതില്‍ പകുതി ശിക്ഷിക്കപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു. സംഭവത്തെ തുടര്‍ന്ന് മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അധിക നഷ്ടപരിഹാരവും നല്‍കണം. ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കും വനം വകുപ്പ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ ധര്‍മപുരിയിലെ വചാതി ഗ്രാമത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അനധികൃതമായി ചന്ദനം മുറിച്ചു കടത്തുന്നുണ്ടെന്നും ഗ്രാമവാസികള്‍ ഇതില്‍ പങ്കാളികളാണെന്നും ആരോപിച്ച് 1992 ജൂണില്‍ ആദിവാസി ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഗോത്ര സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 18 സ്ത്രീകള്‍ ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി. ഗോത്രമേഖലയിലെ 100 ലേറെ പുരുഷന്മാരെ ക്രൂരമായി മര്‍ദിച്ച് അവശരാക്കുകയും ചെയ്തു.
ഗ്രാമത്തിലെ പെണ്‍കുട്ടികളും, ഗര്‍ഭിണികളുമടക്കമുള്ള 18 പേരെ ട്രക്കില്‍ കയറ്റി അടുത്തുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ച് രണ്ട് ദിവസം ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. ഇവരുടെ കുടിലുകള്‍ തല്ലിത്തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഗ്രാമത്തിലെ 90 സ്ത്രീകളെയും 28 കുട്ടികളെയും മൂന്നു മാസത്തോളം തടവിലിട്ടു. ഇവിടെ നിന്നും രക്ഷപ്പെട്ടവരില്‍ നിന്നാണ് സംഭവം പുറംലോകം അറിയുന്നത്. 1995 ല്‍ സിപിഎം തമിഴ്‌നാട് ഘടകമാണ് കേസില്‍ പൊതുതാത്പര്യ ഹര്‍ജിയുമായി മുന്നോട്ടുപോയത്. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 1996 ല്‍ 269 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 54 പേര്‍ മരണപ്പെട്ടു.


