കാലാവസ്ഥ മുന്നറിയിപ്പായി അതിവേഗ വരൾച്ച, നദികൾ നേരിട്ടത് 30 വർഷത്തെ ഏറ്റവും വലിയ ജലനിരപ്പ് കുറവ്
മൂന്ന് പതിറ്റാണ്ടിനിടയിൽ 2023-ൽ ഏറ്റവും ഉയർന്ന നിരക്കിൽ നദികൾ വറ്റിവരണ്ടതായും, ഇത് ആഗോള ജലവിതരണത്തെ അപകടത്തിലേക്ക് നയിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷമായി, ലോകമെമ്പാടുമുള്ള നദികളിലെയും ജലസംഭരണികളിലെയും ജലത്തിന്റെ അളവ് കുറഞ്ഞുവെന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ (ഡബ്ല്യുഎംഒ) സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സ് റിപ്പോർട്ട് പറയുന്നു.
ആഗോളതലത്തിൽ 50 ശതമാനത്തിലധികം നദീജല വൃഷ്ടിപ്രദേശങ്ങളിൽ അസാധാരണമായ മാറ്റങ്ങളാണ് 2023-ൽ സംഭവിച്ചത്. 2022-ലും 2021-ലും ഇത്തരത്തിൽ സമാനമായ അവസ്ഥകൾ നദികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കടുത്ത വരൾച്ചയും നീരൊഴുക്ക് കുറവും നേരിടുന്ന പ്രദേശങ്ങളിൽ വടക്കൻ, മധ്യ, തെക്കേ അമേരിക്കൻ പ്രദേശങ്ങളും, ആമസോൺ, മിസിസിപ്പി എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശത്തെ നദികളിൽ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഇവിടങ്ങളിൽ മാത്രമല്ല, ഏഷ്യയിലും ഓഷ്യാനിയയിലും, ഗംഗ, ബ്രഹ്മപുത്ര, മെകോംഗ് എന്നിങ്ങനെ മുഴുവൻ നദീതട പ്രദേശങ്ങളിലും സാധാരണയേക്കാൾ താഴ്ന്ന ജലനിരക്കാണ് രേഖപ്പെടുത്തിയത്.
ജലസ്രോതസുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലൊക്കെ തന്നെ ക്ലൈമറ്റ് ബ്രേക്ക്ഡൗണുകൾ സംഭവിക്കുകയും ഇത് പ്രളയത്തിനും ക്ഷാമത്തിനും കാരണമാകുകയും ചെയ്തു.
നദികൾ കരകവിഞ്ഞു ഒഴുകുന്നതിന് എൽ നിനോ പ്രതിഭാസം കാരണമായിട്ടുണ്ട്. നോർത്ത് അമേരിക്ക, ന്യൂസിലൻഡ്, ഫിലിപ്പിൻസ് എന്നിവ ഇത്തരത്തിൽ പ്രളയാബാധിതമായ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. യുകെ, അയർലൻഡ്, ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽ, നിശ്ചിത സമയത്ത് ഒരു നദിയിലൂടെ ഒഴുകുന്ന ജലത്തിൻ്റെ അളവിനെക്കാൾ കൂടുതൽ ആയിരുന്നു പ്രളയത്തിന് ശേഷം നദികളിൽ ഉണ്ടായത്.
“കാലാവസ്ഥാ വ്യതിയാനത്തിൻ്റെ അപകടത്തെ കുറിച്ചുള്ള മുന്നറിയപ്പാണ് ജലം,” എന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്‌റ്റെ സൗലോ പറഞ്ഞു. “ തീവ്രമായ മഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിവയുടെ രൂപത്തിൽ ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ട്, ഇത് ജീവിതത്തെയും ആവാസവ്യവസ്ഥയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. ഉരുകുന്ന ഐസും ഹിമാനികളും ദശലക്ഷക്കണക്കിന് ആളുകളുടെ ദീർഘകാല ജല സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്. എന്നിട്ടും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കപ്പെടുന്നില്ല.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജലവിതരണത്തെത്തെയും ബാധിക്കുന്നു. 3.6 ബില്യൺ ആളുകൾക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം നേരിടേണ്ടി വരുന്നുണ്ട്. 2050 ആവുമ്പോഴേക്കും ഇത് അഞ്ച് ബില്യണായി വർദ്ധിച്ചേക്കാമെന്നാണ് യുഎൻ വാട്ടർ വിലയിരുത്തുന്നത്. ഹിമാനികൾ ഉരുകിയതോടെ 2022 സെപ്തംബർ മുതൽ 2023 ഓഗസ്റ്റ് വരെയുള്ള ഡബ്ല്യുഎംഒയുടെ പ്രാഥമിക കണക്കുകൾ പ്രകാരം 600 ജിഗാ ടണ്ണിലധികം ജലമാണ് നഷ്ടമായത്.


