TMJ
searchnav-menu
post-thumbnail

TMJ Daily

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

27 Jan 2025   |   1 min Read
TMJ News Desk

വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സമരത്തെ കര്‍ശനമായി നേരിടുമെന്നും അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കുമെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നാളെ മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ, ധനമന്ത്രിമാരുമായി റേഷന്‍ കട സംഘടനാ പ്രതിനിധികള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ചര്‍ച്ച നടത്തിയെങ്കിലും വേതന പരിഷ്‌കരണത്തില്‍ കൃത്യമായ ഉറപ്പ് മന്ത്രിമാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ച അലസുകയും സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ശമ്പള പരിഷ്‌കരണമൊഴിച്ചുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ശമ്പള പരിഷ്‌കരണമാണ് പ്രധാന ആവശ്യമെന്ന് റേഷന്‍ കടയുടമകളും പറഞ്ഞു.

റേഷന്‍ കട വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സമരം മൂലം ഭക്ഷ്യ ധാന്യ വിതരണം തടസ്സപ്പെട്ടാല്‍ 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കമ്മീഷന്‍ നടപടി സ്വീകരിക്കും. ജനങ്ങളുടെ ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ചുമതലയാണ്.

റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ കഴിഞ്ഞ 24 ദിവസമായി നടത്തി വന്ന സമരം ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.





 

#Daily
Leave a comment