
ആര്‍ബിഐ റിപ്പോ നിരക്ക് 25 പോയിന്റുകള്‍ കുറച്ചു; വായ്പച്ചെലവ് കുറയും
റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി കുറഞ്ഞു. ബാങ്കുകള്‍ വായ്പകള്‍ക്കുള്ള പലിശയും കുറയ്ക്കും. ഇത് കാരണം മാസത്തവണകളിലും കുറവ് വരുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും.
റിപ്പോ നിരക്ക് കുറയ്ക്കുന്നത് മൂലം പലിശ നിരക്കില്‍ കുറവ് വരുന്നതിനാല്‍ ഭവന വായ്പകള്‍ക്കും മറ്റ് വായ്പകള്‍ക്കും ആവശ്യക്കാരേറും.
2025-26 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ജിഡിപി 6.5 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ പ്രവചിച്ചു. നേരത്തേയിത് 6.7 ശതമാനം ആയിരുന്നു. ആഗോള അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് ജിഡിപി വളര്‍ച്ചയില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.
ഇതേ സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാല് ശതമാനമായിരിക്കുമെന്നും ആര്‍ബിഐ കണക്കുകൂട്ടുന്നു.
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന, നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ധന നയ യോഗമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലെ യോഗവും റിപ്പോ നിരക്ക് 25 ശതമാനം കുറച്ചിരുന്നു. 2020 മെയ് മാസത്തിനുശേഷം ആദ്യമായിട്ടായിരുന്നു നിരക്ക് കുറച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തീരുവ ആരംഭിക്കുന്ന ദിവസമാണ് എംപിസി തീരുമാനം എടുത്തത്.


