TMJ
searchnav-menu
post-thumbnail

Representational Image

TMJ Daily

വായനക്കാർക്ക് വാർത്തകളിലുള്ള വിശ്വാസ്യത കുറയുന്നു, യുവാക്കൾക്കിഷ്ടം സമൂഹ മാധ്യമങ്ങൾ; റോയ്‌ട്ടേഴ്‌സ് പഠന റിപ്പോർട്ട്

15 Jun 2023   |   2 min Read
TMJ News Desk

ന്ത്യയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാർത്തകൾ പരസ്പരം പങ്കിടുന്നതും വായിക്കുന്നതും കുറഞ്ഞതായി റോയ്‌ട്ടേഴ്‌സ് ഡിജിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് പഠനം. ഏഷ്യൻ കോളജ് ഓഫ് ജേർണലിസവുമായി സഹകരിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ 12-ാം പതിപ്പിലാണ് ഫലങ്ങൾ വെളിപ്പെടുത്തിയത്. റിപ്പോർട്ട് പ്രകാരം, രാജ്യത്ത് വാർത്തകളിലുള്ള വിശ്വാസ്യതയിൽ പഠനവിധേയമാക്കിയ ഉപഭോക്താക്കളുടെയിടയിൽ മൂന്ന് ശതമാനം കുറവ് വന്നിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളിലുളള വിശ്വാസം 38% രേഖപ്പെടുത്തി 46 രാജ്യങ്ങളിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ. 69 ശതമാനത്തോടെ ഫിൻലൻഡ് ഒന്നാം സ്ഥാനത്തെത്തുമ്പോൾ, 19%ത്തോടെ ഗ്രീസാണ് അവസാന സ്ഥാനത്ത്.

വിശ്വാസ്യത നിലനിർത്തി പൊതുമേഖലാ സ്ഥാപനങ്ങൾ

രാജ്യത്തെ പൊതു മേഖലയിലെ മാധ്യമ സ്ഥാപനങ്ങളായ ഡിഡി ഇൻഡ്യ, ഓൾ ഇന്ത്യ റേഡിയോ, ബ്രിട്ടീഷ് മാധ്യമമായ ബിബിസി ന്യൂസ് എന്നിവയാണ് വിശ്വാസയോഗ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നിലുള്ളത്. പഠനത്തിൽ പങ്കെടുത്തവരിൽ 56% പേരും വാർത്തകൾ അറിയുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബാണ് തിരഞ്ഞെടുത്തത്. 47 ശതമാനത്തോടെ വാട്‌സ്ആപ്പും 39% ത്തോടെ ഫേസ്ബുക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള സമൂഹ മാധ്യമങ്ങൾ.

ഹിന്ദി ഭാഷയിലെ ദൈനിക് ഭാസ്‌കർ എന്ന പത്രത്തിന്റെ ഓൺലൈൻ ഓഫ്‌ലൈൻ പതിപ്പുകളും വിശ്വാസ യോഗ്യമായ വാർത്തകൾ ലഭിക്കുന്ന ഉറവിടങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ടിക് ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വിതരണം ചെയ്യുന്ന വാർത്തകൾക്കും മുൻഗണന ലഭിച്ചിട്ടുണ്ട്. എന്നാൽ ഫേസ്ബുക്കിന്റെ സ്വാധീനം കുറഞ്ഞുവരുന്നതായും റിപ്പോർട്ട് സൂചിപ്പിച്ചു. 2016ലെ 42 ശതമാനത്തിൽ നിന്നും 2023ൽ 28% ആളുകൾ മാത്രമാണ് വാർത്തകൾ അറിയുന്നതിനായി ഫേസ്ബുക്കിനെ ആശ്രയുക്കന്നത്. യുവാക്കളിൽ ഏറെയും യൂട്യൂബ്, ടിക്‌ടോക് വഴി വാർത്തകൾ സ്വീകരിക്കാൻ തുടങ്ങിയതും ഫേസ്ബുക്ക് വാർത്തകൾ നല്കുന്നത് കുറച്ചതുമാണ് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിലൂടെയുള്ള വാർത്തവിനിമയത്തിൽ സ്ഥിരത വന്നിട്ടുണ്ട്.

ജനപ്രീതിയേറി സമൂഹ മാധ്യമങ്ങൾ

സർവേയിൽ പ്രതികരിച്ചവരിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പ്ലാറ്റ്‌ഫോം ടിക് ടോകാണ്. 18നും 24നും ഇടയിൽ പ്രായമായവരിൽ 44 ശതമാനം പേരും ടിക് ടോകാണ് ഉപയോഗിക്കുന്നത്. അവരിൽ 20% വാർത്തകൾ വായിക്കുന്നത് ടിക് ടോക്കിലൂടെയാണ്. ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും കൂടുതലായി ഉപയോഗിക്കപ്പെടുന്നു.  

ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയുടെ ഉപയോക്താക്കൾ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകളെക്കാൾ സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെയും വാർത്തകൾക്കാണ് കൂടുതൽ പ്രാധാന്യം നല്കുന്നതെന്ന് സർവേ ഫലം കണ്ടെത്തി. മാത്രമല്ല, വാർത്താ വെബ്‌സൈറ്റുകൾ നേരിട്ട് സന്ദർശിക്കുന്നതിലും കുറവ് വന്നിട്ടുണ്ട്. 2018ൽ 32%ത്തിൽ നിന്നും 2023ൽ 22% ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം വാർത്തകൾക്കായി സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നവർ 23%ത്തിൽ നിന്നും 30% ആയി വർധിച്ചു. എന്നാൽ, രാജ്യത്തെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിൽ വാർത്തകൾ നേരിട്ട് വായിക്കുന്നതിനുള്ള പ്രവണത കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശിച്ചു. പ്രതികരിച്ചവരിൽ ഏകദേശം 34% പേർ പ്രതിമാസം ഒരു പോഡ്കാസ്റ്റ് വീതം കേൾക്കുന്നതിനും 12% പേർ വാർത്തകളും മറ്റ് സമകാലിക കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനുമായി വിവിധ ഷോകൾ അക്‌സസ് ചെയ്തതായും വെളിപ്പെടുത്തി.

2022 ലെ റോയ്‌റ്റേഴ്സ് ഇൻസിറ്റിറ്റിയൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് പൊതു ജനങ്ങളിൽ ഭൂരിഭാഗം പേർക്കും പ്രത്യേകിച്ച് യുവാക്കൾക്ക് വാർത്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, സർവേയിൽ പങ്കെടുത്ത മിക്ക രാജ്യങ്ങളിലേയും പരമ്പരാഗത വാർത്താ മാധ്യമങ്ങളുടെ ഉപയോഗം കുറഞ്ഞു വരുന്നതായും വ്യക്തമാക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങൾ പലതാണ്. കൃത്യമായ അജണ്ടയോട് കൂടിയ വാർത്തകൾ, വാർത്തകളോടുള്ള അവിശ്വാസം, വാർത്തകൾ മാനസീകാരോഗ്യം തകർക്കുന്നു എന്നിവയാണത്. 35 വയസിന് താഴെയുള്ളവരാണ് കൂടുതലായും ഇത്തരം കാരണങ്ങളാൽ വാർത്തകൾ ഒഴിവാക്കുന്നത്.

ചോദ്യം ചെയ്യപ്പെടുന്ന മാധ്യമപ്രവർത്തനം

മെയ് മൂന്നിന് പുറത്തുവന്ന പ്രസ്സ് ഫ്രീഡം ഇന്റക്സിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് 161-ാം റാങ്കാണ്. 2016 മുതൽ തുടർച്ചയായി എല്ലാ വർഷവും ഇന്ത്യയുടെ പ്രസ്സ് ഫ്രീഡം കുറഞ്ഞു വരുന്നതായാണ് വ്യക്തമാകുന്നത്. 2016-ൽ ഇത് 133 ആയിരുന്നു. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാൻ, ശ്രീലങ്ക എന്നി രാജ്യങ്ങളെക്കാൾ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 'Reporters without Borders or Reporters sans Frontiears' എന്ന, പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന NGO ആണ് പ്രസ്സ് ഫ്രീഡം ഇന്റക്സ് റാങ്കിങ് പുറത്തിറക്കുന്നത്. ഈ റാങ്കിങ് മാധ്യമ ഗുണ നിലവാരത്തെ അടയാളപ്പെടുത്തുന്നതല്ല. സെൻസർഷിപ്പ്, മാധ്യമ സ്വാതന്ത്ര്യം, മാധ്യമ പ്രവർത്തകരുടെ സുരക്ഷ എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിങ് ആണ് ഇവർ പുറത്തിറക്കിയത്. വിലയിരുത്തലിൽ ഇന്ത്യക്ക് ലഭിച്ച സ്‌കോർ 36.62 മാത്രമാണ്.


#Daily
Leave a comment