
കരയുദ്ധം നേരിടാൻ സജ്ജം: ഹിസ്ബുല്ല
ലെബനനിലെ ഏത് ഇസ്രയേലി അധിനിവേശത്തെയും നേരിടാൻ ഹിസ്ബുല്ല സജ്ജരാണെന്ന് ഗ്രൂപ്പിൻ്റെ പുതിയ ഡപ്യൂട്ടി ലീഡർ നയിം ഖാസെം അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച ഹിസ്‌ബുല്ല തലവൻ ഹസൻ നസ്രള്ളയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് ശേഷം തിങ്കളാഴ്ച്ച നയിം ഖാസെം നടത്തിയ ആദ്യ പൊതു പ്രസംഗത്തിലാണ് ഇതു പറഞ്ഞത്. ഇസ്രായേൽ അതിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലികൾ ലെബനനിൽ പ്രവേശിച്ച് കര യുദ്ധത്തിനു തയ്യാറായാൽ, നേരിടാൻ ഞങ്ങൾ സജ്ജമാണ് ," അദ്ദേഹം പറഞ്ഞു. ബെയ്റൂട്ടിലും ലെബനനിലെ മറ്റിടങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടയലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
രണ്ടാഴ്ച നീണ്ട ആക്രമണങ്ങളിൽ നിരവധി ഹിസ്ബുല്ല കമാൻഡർമാരും ഏകദേശം 1000 ത്തോളം ലെബനീസ് പൗരരും കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം പേർ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തുവെന്ന് ലെബനീസ് സർക്കാർ പറഞ്ഞു. ലെബനനിലെ ഇസ്രായേൽ അധിനിവേശത്തെ പ്രതിരോധിക്കാൻ 1982 ൽ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്‌സ് ഗ്രൂപ്പ് സൃഷ്ടിച്ചതിനുശേഷം ഹിസ്ബുല്ലയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇത്. മിഡിൽ ഈസ്റ്റിൽ വ്യാപകമായ സ്വാധീനമുള്ള ലെബനനിലെ ഏറ്റവും ശക്തമായ സൈനിക, രാഷ്ട്രീയ ശക്തിയായി ഹിസ്‌ബുല്ലയെ വളർത്തിയെടുത്തത് നസ്രള്ളയായിരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ ഭീകരവാദികളുടെ സൂത്രധാരനെന്ന് മുദ്രകുത്തിയിട്ടും ഇസ്രായേലിനെതിരെ നിലകൊണ്ടതിനാൽ തന്നെ വീര പരിവേഷം ഉണ്ടായിരുന്ന നേതാവിന് പകരക്കാരനെ കണ്ടെത്തുക എന്നത് ഹിസ്‌ബുല്ലയ്ക്ക് വെല്ലുവിളിയാണ്. ഞങ്ങൾ പാർട്ടി സെക്രട്ടറി ജനറലിനെ വൈകാതെ തിരഞ്ഞെടുക്കും എന്ന് ഖാസെം പറഞ്ഞു.
ഞങ്ങൾ ഏറ്റവും ചെറിയ നിലയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. യുദ്ധം നീണ്ടുപോയേക്കാമെന്ന് ഞങ്ങൾക്കറിയാം അദ്ദേഹം കൂട്ടിച്ചേർത്തു. 2006ൽ വിജയിച്ചതുപോലെ ഞങ്ങൾ വിജയിക്കും, രണ്ട് ശത്രുക്കൾ തമ്മിലുള്ള അവസാനത്തെ വലിയ സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു


