
ചര്‍ച്ചയ്ക്ക് തയ്യാര്‍; റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകുമെന്ന് പ്രതീക്ഷ: സെലന്‍സ്‌കി
യുദ്ധം അവസാനിപ്പിച്ച് സ്ഥിരമായ സമാധാനം കൈവരിക്കുന്നതിനുള്ള ചര്‍ച്ച നേരിട്ട് നടത്താമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വാഗ്ദാനം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി സ്വീകരിച്ചു. എന്നാല്‍, റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
റഷ്യ തിങ്കളാഴ്ച്ച മുതല്‍ 30 ദിവസത്തേക്ക് വെടിനിര്‍ത്തുമെന്നാണ് സെലന്‍സ്‌കിയുടെ പ്രതീക്ഷ.
നേരിട്ട് ചര്‍ച്ച നടത്താമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും വെടിനിര്‍ത്താമെന്ന് പുടിന്‍ സമ്മതിച്ചിട്ടില്ല. ആയുധങ്ങള്‍ സംഭരിക്കാനുള്ള താല്‍ക്കാലിക ഇടവേളയായിട്ടാണ് റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തലിനെ കാണുന്നത്.
യൂറോപ്യന്‍ നേതാക്കളും യുഎസും 30 ദിവസത്തെ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ മാസം തുര്‍ക്കിയയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് പുടിന്റെ നിര്‍ദ്ദേശം.
ഒരൊറ്റ ദിവസത്തേക്കാണെങ്കില്‍ പോലും കൊല്ലുന്നത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. നീണ്ടുനില്‍ക്കുന്നതും വിശ്വസനീയവുമായ വെടിനിര്‍ത്തലിന് നാളെമുതല്‍ റഷ്യ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് സെല്‍സ്‌കി പറഞ്ഞു.
2022ല്‍ റഷ്യ ആരംഭിച്ച യുദ്ധം പുടിന്‍ അവസാനിപ്പിക്കുന്നത് പരിഗണിക്കുകയാണെന്ന പ്രതീക്ഷയാണ് സെലന്‍സ്‌കിയ്ക്കുള്ളത്.
ഒടുവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ പരിഗണിക്കുന്നത് പോസിറ്റീവായ ലക്ഷണമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ഈ ലോകം മുഴുവന്‍ വളരെക്കാലമായി കാത്തിരിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യത്തെ നടപടി വെടിനിര്‍ത്തല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.


