
ട്രംപുമായി ചർച്ചക്ക് തയ്യാർ: പുടിൻ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചക്കും വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തുതീർപ്പിന് ഒരുക്കമാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ നിബന്ധനകളോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി റഷ്യൻ മാധ്യമമായ RT പറഞ്ഞു.
"ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്, പക്ഷേ ഭരണകൂടത്തിന്റെ തലവനുമായി ഇല്ലെങ്കിൽ പിന്നെ ആരുമായാണ് ചർച്ച ചെയ്യുക? അയാൾ (സെലൻസ്കി) നിയമപരമായി അധികാരമുള്ള വ്യക്തിയല്ല. ആരെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും നിയമസാധുത നേടുകയും ചെയ്താൽ, സെലെൻസ്കി ഉൾപ്പെടെ ആരുമായും ഞങ്ങൾ സംസാരിക്കും.” പുടിൻ പറഞ്ഞു. യുക്രൈൻ ആയുധങ്ങൾ നൽകി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിന് പാശ്ചാത്യ ശക്തികളെ അദ്ദേഹം വിമർശിച്ചു. യുക്രൈൻ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അത് എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.
"ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും ഞങ്ങൾ തയ്യാറാണെന്ന് ഞങ്ങൾ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്.” പുടിൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുഴുവൻ മുന്നണിയിലും മുന്നേറുന്ന റഷ്യൻ സൈന്യം യുക്രൈനിൽ പ്രാഥമിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. "താമസിയാതെ, പോരാടാൻ ആഗ്രഹിക്കുന്ന യുക്രൈനിയക്കാർ ഇല്ലാതാകും. എന്റെ അഭിപ്രായത്തിൽ, ഉടൻ തന്നെ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്ന ആരും അവശേഷിക്കില്ല. ഞങ്ങൾ തയ്യാറാണ്, പക്ഷേ മറുപക്ഷം ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാകേണ്ടതുണ്ട്". പുടിൻ പറഞ്ഞു.