
ചാമ്പ്യൻസ് ലീഗിൽ നിന്നും റയൽ മാഡ്രിഡ് പുറത്ത്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദത്തിലെ മത്സരത്തിലും പ്രീമിയർ ലീഗ് ക്ലബായ ആർസെനലുമായി പരാജയപ്പെട്ട് റയൽ മാഡ്രിഡ് പുറത്തായി. ക്വാർട്ടർ ഫൈനൽ മത്സരത്തിലെ ആദ്യ പാദത്തിൽ ആർസെനലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 3-0ന് പരാജയപ്പെട്ട ലാലിഗ ക്ലബ്, റയലിന്റെ സാന്റിയാഗോ ബെർണബോയിൽ നടന്ന രണ്ടാം മത്സരത്തിൽ 2-1ന് പരാജയപ്പെട്ടു. ഇതോടെ നിലവിലെ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്യാംപെയിനിൽ നിന്നും റയൽ മാഡ്രിഡ് പുറത്തായി.
റയൽ മാഡ്രിഡിനെ പുറത്താക്കിയ ആർസെനലിനെ കൂടാതെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് രണ്ട് പാദങ്ങളിലുമായി ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ബാഴ്സലോണയും, ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഇന്റർ മിലാനും, ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി പിഎസ്ജിയും യോഗ്യത നേടി. ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ആർസെനലിനോട് പരാജയമേറ്റ് വാങ്ങിയപ്പോൾ, രണ്ടാം പാദത്തിൽ ഉറപ്പായും തിരിച്ചു വരുമെന്ന് റയൽ മാഡ്രിഡ് ക്ലബ്ബും കളിക്കാരും വളരെയേറെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എങ്കിലും റയലിന്റെ ആരാധകരിൽ ചിലർക്കെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന്റെ പ്രകടനത്തിൽ വിശ്വാസക്കുറവുണ്ടായിരുന്നു. തുടക്കത്തിൽ നാല് ഗോളിനെങ്കിലും ജയിക്കേണ്ട മത്സരത്തിൽ, ടാർഗറ്റിലേക്ക് മൂന്ന് ഷോട്ടുകൾ മാത്രമേ ആർസെനലിനെതിരെ റയലിന് നേടാൻ കഴിഞ്ഞുള്ളൂ.
സെമി ഫൈനലിലെ ആദ്യ പാദത്തിലെ മത്സരങ്ങൾ ഏപ്രിൽ 30ന് ആരംഭിക്കും. സെമിയിൽ ആർസെനൽ പിഎസ്ജിയേയും, ബാഴ്സ ഇന്ററിനെയും നേരിടും. ശക്തമായ മത്സരമാണ് നാല് ടീമുകളും കാഴ്ച വയ്ക്കുന്നത്. എങ്കിലും ബാഴ്സയെയാണ് ടൈറ്റിൽ ഫേവറൈറ്റുകളായി കണക്കാക്കുന്നത്.


