റജബ് ത്വയ്യിബ് എർദോഗൻ | Photo: PTI
റജബ് ത്വയ്യിബ് എർദോഗൻ; തുർക്കി രാഷ്ട്രീയത്തിലെ അതികായൻ
1954 ൽ ഇസ്താംബുളിൽ ജനിച്ച എർദോഗൻ തുർക്കി രാഷ്ട്രീയത്തിൽ അധികാര വാഴ്ച തുടങ്ങിയിട്ട് 20 വർഷങ്ങളാകുന്നു. പ്രധാനമന്ത്രി കസേരയിലും പ്രസിഡന്റ് കസേരയിലും എർദോഗൻ മാറിമാറിയിരുന്ന് ഭരിച്ചു. 1994 മുതൽ 1998 വരെ ഇസ്താംബുൾ മേയറായും 2013 മുതൽ 2014 വരെ തുർക്കി പ്രധാനമന്ത്രിയായും. പിന്നീടിങ്ങോട്ട് പ്രസിഡന്റായും ഭരണം നടത്തി. ഒരവസരത്തിൽ ഇത് ഏകാധിപത്യത്തിലേക്ക് നയിച്ചു. ആരാണ് എർദോഗൻ ? പരിഷ്‌കരണവാദിയായ നേതാവിൽ നിന്ന് ഏകാധിപതിയായ നേതാവിലേക്കുള്ള അയാളുടെ വളർച്ച എങ്ങനെയായിരുന്നു?
ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ എർദോഗൻ ഒരു പ്രഭാഷകനായിരുന്നു. അക്കാലത്ത് ഇസ്ലാമിക പ്രഭാഷകനായി അദ്ദേഹം അറിയപ്പെട്ടു. കടുത്ത ഇസ്ലാമിസ്റ്റായ എർദോഗൻ മതപരമായ രാഷ്ട്രീയ പാർട്ടികൾക്ക് തുർക്കിയിൽ നിരോധനം ഉണ്ടായിരുന്നിട്ട് കൂടി അവയിൽ ചേർന്ന് പ്രവർത്തിച്ചു. മർമാറ സർവകലാശാലയിലാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ആ സമയത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വെൽഫെയർ പാർട്ടി അംഗമായ എർദോഗൻ 1994 ലാണ് ആദ്യമായി മേയറാകുന്നത്. മതേതര വ്യവസ്ഥയെ പിടിച്ചു കുലുക്കുന്നതായിരുന്നു അത്. എന്നാൽ അയാൾ കൗശലക്കാരനായ അധികാരിയായിരുന്നു. ജനങ്ങളുടെ മനസിൽ പെട്ടെന്ന് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1998 ലാണ് മതവിദ്വേഷം വളർത്തിയതിന് എർദോഗൻ ശിക്ഷിക്കപ്പെടുന്നത്. പൊതുപരിപാടിയിൽ ഒട്ടോമൻ ഇസ്ലാമിസ്റ്റ് കവി സിയ ഗോകൽപ്പിന്റെ 'മസ്ജിദുകൾ നമ്മുടെ പടപ്പാളയങ്ങളാണ്, താഴികക്കുടങ്ങൾ നമ്മുടെ ശിരോകവചങ്ങളാണ്, വിശ്വാസികൾ നമ്മുടെ സൈനികരും'' എന്ന വരികൾ പ്രസംഗത്തിനിടെ ഉപയോഗിച്ചത് മതസ്പർധയുണ്ടാക്കി എന്ന കുറ്റത്തിന് രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് കോടതി അദ്ദേഹത്തെ വിലക്കുകയും 10 മാസം തടവിന് വിധിക്കുകയും ചെയ്തു. ഇതോടെ എർദോഗന് മേയർസ്ഥാനം രാജിവെക്കേണ്ടി വന്നു. നാല് മാസത്തെ ശിക്ഷക്ക് ശേഷം 1999 ൽ അദ്ദേഹം ജയിൽ മോചിതനായി. വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സൈന്യത്തിന്റെ പിന്തുണ ശക്തമായുള്ള തുർക്കിയിലെ മതേതര സ്ഥാപനത്തിനെതിരെ പോരാടാനുള്ള എർദോഗന്റെ ദൃഢനിശ്ചയത്തെ ഈ ജയിൽ വാസം ഉറപ്പിച്ചു.
വിലക്കും അധികാരവാഴ്ചയും
2001 ൽ വെൽഫെയർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി രൂപീകരിച്ചു. 2002 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചെങ്കിലും എർദോഗന് സ്ഥാനമാനങ്ങൾ നിയമപരമായി വിലക്കപ്പെട്ടു. കാരണം 1998 ലെ ശിക്ഷാവിധിയാണ്. തുടർന്ന് 2002 ൽ പാർലമെന്റിൽ വന്ന ഒരു ഭരണഘടനാ ഭേദഗതി എർദോഗന്റെ അയോഗ്യത നീക്കം ചെയ്യുന്നതായിരുന്നു. 2003 മാർച്ചിൽ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം ദിവസങ്ങൾക്കകം പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും 2003 മെയ് 14 ന് തുർക്കിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു. മികച്ച പ്രവർത്തനങ്ങളായിരുന്നു അന്ന് എർദോഗൻ കാഴ്ചവെച്ചത് അതുകൊണ്ട് തന്നെ പിന്നീട് തുടർച്ചയായി അധികാരസ്ഥാനത്ത് ഇരിക്കുന്നതിൽ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. 2007 ലും 2011 ലും വീണ്ടും അധികാരം തുടരാൻ എർദോഗന്റെ നയങ്ങൾ സഹായിച്ചു.
പ്രധാനമന്ത്രി എന്ന നിലയിൽ, എർദോഗൻ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെമേൽ ആരോപിക്കപ്പെട്ട പാശ്ചാത്യ വിരുദ്ധതയും പക്ഷപാതവും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. പര്യടനത്തിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തുർക്കിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു അത്. 2011 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോൾ ജനാധിപത്യത്തേയും സ്വാതന്ത്രത്തേയും ശക്തിപ്പെടുത്തുന്ന പുതിയ ഭരണഘടന ഉപയോഗിച്ച് തുർക്കി ഭരണഘടന മാറ്റുമെന്ന് എർദോഗൻ പ്രഖ്യാപിച്ചു. 2011 ജൂണിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചു. തുടർന്ന് എർദോഗൻ മൂന്നാം തവണയും പ്രധാനമന്ത്രിയായി. എന്നാൽ ഏകപക്ഷീയമായ ഒരുപുതിയ ഭരണഘടന എഴുതാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ടായിരുന്നില്ല. തുടർന്ന് പലപ്പോഴായി അദ്ദേഹത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങളും പ്രകടനങ്ങളും പല സന്ദർഭങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ഇവയെല്ലാം എർദോഗൻ തള്ളിക്കളയുകയാണ് ഉണ്ടായത്.
ഭരണഘടനയനുസരിച്ച് തുടർച്ചയായി മൂന്ന് തവണ മാത്രമേ ഒരാൾക്ക് പ്രധാനമന്ത്രിയാവാൻ സാധിക്കു എന്ന് വന്നപ്പോൾ ഭരണഘടന മാറ്റി എഴുതുകയാണ് എർദോഗൻ ചെയ്തത്. സർവ്വാധികാരം പ്രധാനമന്ത്രിയിൽ നിന്ന് പ്രസിഡന്റിലേക്ക് മാറുന്ന രീതിയിൽ ഭരണഘടന മാറ്റി എഴുതി. ഇതേ തുടർന്നാണ് 2016 ൽ അദ്ദേഹത്തിന് സൈനിക അട്ടിമറി നേരിടേണ്ടി വന്നത്. ഒരു രാത്രി സൈനിക ഉദ്യോഗസ്ഥർ തെരുവുകൾ പിടിച്ചെടുക്കുകയുണ്ടായി. എർദോഗനും അദ്ദേഹത്തിന്റെ പാർട്ടിയും ജനാധിപത്യത്തെ തുരങ്കം വെക്കുകയും തുർക്കിയിലെ നിയമവാഴ്ച തകർക്കുകയും ചെയ്യുന്നു എന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ എർദോഗൻ സൈനികരെ കീഴടക്കി. സർക്കാർ നിയന്ത്രണം തിരിച്ചുപിടിച്ചു. 300- ഓളം പേർ ആ അട്ടിമറിയിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. ഇവരിൽ കൂടുതലും സാധാരണ ജനങ്ങളായിരുന്നു. എന്നാൽ സർക്കാർ ചെയ്തത് നിരവധി സൈനീകരേയും പൊലീസുകാരേയും അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരേയും ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ജയിലിൽ അടക്കുകയുമായിരുന്നു.
2017 ൽ ഹിതപരിശോധനയിൽ കൂടി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ എക്‌സിക്യൂട്ടീവ് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് മാറി. ഇതോടെ പ്രധാനമന്ത്രിപദവി ഇല്ലാതായി. എന്നിട്ടും 2018 ജൂൺ 24 ന് എർദോഗൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഭൂരിപക്ഷ വോട്ടോടു കൂടി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നയങ്ങൾ തുർക്കിയെ മാന്ദ്യത്തിലേക്ക് നയിച്ചു. ഇത് 2019 വരെ തുടർന്നു. അടിസ്ഥാന വസ്തുക്കളുടെ വില കുതിച്ചുയർന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇത് പ്രധാനപ്പെട്ട ഒരു വിഷയമായി മാറി വിജയത്തെ സാരമായി ബാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി നേതാക്കൾ എകെപി വിട്ടുപോവുകയുണ്ടായി. 2020 ൽ രാജ്യം കൂടുതൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ അടിച്ചമർത്തപ്പെടുകയാണുണ്ടായത്.
ആശങ്കയിൽ പ്രതിപക്ഷം
അരക്ഷിതാവസ്ഥയിലുള്ള തുർക്കിയുടെ പുരോഗതിക്കും ഐക്യത്തിനും ഭരണഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. തുർക്കി വലിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഹിതപരിശോധന നടന്നത്. കഴിഞ്ഞ വർഷം ഒന്നിലധികം ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടുതലും ഇസ്ലാമിക് സ്റ്റേറ്റും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ ഗ്രൂപ്പുകളും തമ്മിലായിരുന്നു. തെക്കുകിഴക്കൻ മേഖലയിൽ തുർക്കി സൈന്യം ക്രൂരമായ യുദ്ധമാണ് നടത്തുന്നത്. ശക്തനായ ഒരു നേതാവിന് മാത്രമേ ഈ വെല്ലുവിളികളിൽ നിന്ന് രാജ്യത്തെ നയിക്കാൻ കഴിയൂ എന്നാണ് എർദോഗന്റെ അവകാശവാദം. എന്നാൽ ഭരണഘടനാ മാറ്റങ്ങൾ തുർക്കിയെ സ്വേച്ഛാധിപത്യത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹത്തിന്റെ വിമർശകർ ഭയപ്പെടുന്നു, സന്തുലിതാവസ്ഥ ഇല്ലാത്ത ഒരു വ്യവസ്ഥയിൽ വളരെയധികം അധികാരം ഒരാളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എർദോഗൻ കൂടുതൽ അധികാരങ്ങൾ നേടിയതിൽ മാത്രമല്ല, വ്യവസ്ഥിതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളും ആശങ്കയുണ്ടാക്കുന്നുവെന്ന് തുർക്കിയിലെ പ്രതിപക്ഷം പറയുന്നു.
2023 ലെ തെരഞ്ഞെടുപ്പിൽ എർദോഗനെതിരെ മത്സരിക്കുന്നതിന് സംയുക്തമായി ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ 2022 ൽ തന്നെ പ്രതിപക്ഷ പാർട്ടികൾ യോഗം തുടങ്ങിയിരുന്നു. അതിനായി 2010 മുതൽ പ്രതിപക്ഷത്തെ നയിച്ചിരുന്ന കെമാൽ കെലിക്ദാരോഗ്ലുവിനെയാണ് തിരഞ്ഞെടുത്തത്. ആദ്യം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടെങ്കിലും പിന്നീട് വ്യാപകമായി അംഗീകരിക്കപ്പെടുകയായിരുന്നു.