കർണാടകയിൽ റെക്കോർഡ് പോളിങ്, എക്‌സിറ്റ് പോളിൽ കോൺഗ്രസ്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 72.69% പോളിങ് രേഖപ്പെടുത്തി. ചരിത്രത്തിലെ റെക്കോർഡ് പോളിങാണിത്. 2018 ൽ പോളിങ് റേറ്റ് 72.10% ആയിരുന്നു. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ഹൊസകോട് മണ്ഡലത്തിലായിരുന്നു 90.90%. കുറഞ്ഞ പോളിങായ 47.43% രേഖപ്പെടുത്തിയത് സി വി രാമൻനഗറിലാണ്.
ശനിയാഴ്ചയാണ് വോട്ടെണ്ണൽ. പുറത്തുവന്ന 9 എക്‌സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസിന് അനുകൂലമാണ്. മറ്റ് 4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം പ്രവചിച്ചു. മൂന്നെണ്ണം ത്രിശങ്കു സഭയാണ് പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ത്രിശങ്കു സഭ വന്നാൽ ജെഡിഎസിന്റെ നിലപാട് നിർണായകമാകും. 224 അംഗ നിയമസഭയിൽ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
വാശിയേറിയ പോരാട്ടത്തിനാണ് കർണാടക ഇക്കുറി സാക്ഷ്യംവഹിച്ചത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പിനെ കോൺഗ്രസും ബിജെപിയും അടക്കമുള്ള മുന്നണികൾ വളരെ പ്രാധാന്യത്തോടെയാണ് കണ്ടതെന്ന് ഒരു മാസം നീണ്ടുനിന്ന പ്രചാരണങ്ങളിൽ നിന്നു വ്യക്തമായിരുന്നു. പരസ്യ പ്രചാരണം അവസാനിച്ചശേഷം നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച രാഷ്ട്രീയ നേതാക്കൾ ക്ഷേത്രദർശനങ്ങളിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. 80 വയസ്സിനു മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന 'വീട്ടിൽ വോട്ട്' സംവിധാനം രാജ്യത്താദ്യമായി ഇത്തവണ കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിരുന്നു.
ആരോപണ പ്രത്യാരോപണങ്ങൾ
വോട്ടു ചെയ്യുമ്പോൾ ഹനുമാനെ ഓർക്കണമെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തിയ മോദിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ കൈക്കൂലിക്കണക്ക് സഹിതം വിശദീകരിച്ച് നൽകിയ പത്രപരസ്യങ്ങളുടെ പേരിൽ കമ്മീഷൻ കോൺഗ്രസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
നഗരവോട്ടർമാരിൽ ബിജെപിക്ക് നല്ല സ്വാധീനമുണ്ടെങ്കിലും ഭരണവിരുദ്ധ വികാരവുമുണ്ട്. സർക്കാരിനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങളും ഇതിനു കാരണമാണ്. ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയ പേ സി.എം കാമ്പയിൻ പോലുള്ള നവീന പ്രചാരണ പരിപാടികളും നഗരവോട്ടർമാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ മറികടക്കുക കൂടിയാണ് ബിജെപി മോദിയുടെ റോഡ് ഷോയിലൂടെ ലക്ഷ്യമിട്ടത്. സർവേകൾ എതിരാണെങ്കിലും മോദിയുടെ പ്രചാരണത്തിൽ മേൽകൈ ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനാണ് കോൺഗ്രസ് ശ്രമം. സർക്കാരിന് എതിരെ കരാറുകാർ ഉന്നയിച്ച 40 ശതമാനം കമ്മീഷൻ ആരോപണമാണ് കോൺഗ്രസിന്റെ പ്രധാന ആയുധം. പ്രതിസന്ധിയിലായ കർഷകരിലും മുസ്ലീം ന്യൂനപക്ഷത്തിലുമാണ് ജെഡിഎസിന്റെ പ്രതീക്ഷ.
തിരഞ്ഞെടുപ്പ് വേളയിലെ പുതിയ ചർച്ചാ വിഷയമായിരുന്നു രാജ്യത്തെ പ്രമുഖ പാലുല്പ്പന്ന കമ്പനികളായ അമുലും നന്ദിനിയും. രാജ്യത്തെ മുൻനിര പാൽ-പാലുല്പ്പന്ന കമ്പനിയായ അമുൽ കർണാടകയിൽ തങ്ങളുടെ വ്യവസായം ആരംഭിക്കുന്നുവെന്ന വാർത്ത ഏപ്രിൽ അഞ്ചിനാണ് പുറത്തുവന്നത്. എന്നാൽ, നന്ദിനി ബ്രാൻഡാണ് കർണാടകയിലെ പ്രധാന പാലുല്പ്പന്ന വിതരണക്കാർ. അമുൽ കർണാടകയിൽ വന്നാൽ അത് നന്ദിനിയെ ബാധിക്കുമെന്ന് ആരോചിപ്പ് പ്രതിഷേധങ്ങളും അരങ്ങേറി. അമുലിനെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസും ജെഡിഎസും രംഗത്തും വന്നിരുന്നു. കർണാടകയുടെ വികാരമാണ് നന്ദിനി പാൽ ബ്രാൻഡ്. ഈ ബ്രാൻഡിനെതിരെ അമുലിനെ അവതരിപ്പിക്കുകയാണ് ബിജെപി എന്നാണ് പ്രതിപക്ഷാരോപണം.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ചിലാണ് കർണാടകയിൽ ബസവരാജ് ബൊമ്മ സർക്കാർ മുസ്ലീം സംവരണം റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിന്നിരുന്ന നാലുശതമാനം സംവരണം റദ്ദാക്കാനാണ് കർണാടക മന്ത്രിസഭ തീരുമാനിച്ചത്. മുസ്ലീം വിഭാഗത്തിന്റെ നാലുശതമാനം ക്വാട്ട വൊക്കലിംഗകൾക്കും (2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകാനാണ് തീരുമാനം ഉണ്ടായത്. എന്നാൽ, കർണാടക സർക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ നടപടിയിൽ തെറ്റുപറ്റിയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. സംവരണം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ഏപ്രിൽ 12 ന് സർക്കാർ തീരുമാനം സ്റ്റേ ചെയ്തത്.
കർണാടക സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ സംവരണം റദ്ദാക്കിയതിന്റെ യുക്തി ചോദ്യം ചെയ്യുന്നു. ഭരണഘടന ഉറപ്പു നൽകുന്ന സമത്വം, മതനിരപേക്ഷത എന്നിവ ലംഘിക്കപ്പെടുന്നതായും, കർണാടകയിലെ ജനസംഖ്യയിൽ 13 ശതമാനം മുസ്ലീങ്ങളാണെന്നും അവർക്കെതിരെയുള്ള വിവേചനമാണ് ഇതെന്നും ഹർജിക്കാർ വാദിച്ചു. വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു എന്നും ഈ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സംവരണം റദ്ദാക്കിയതെന്നുമാണ് സർക്കാർ ന്യായീകരണം. അതേസമയം, കമ്മീഷന്റെ റിപ്പോർട്ടിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിക്കുകയും, മുസ്ലീം സംവരണം റദ്ദാക്കാൻ കാരണമായ കാര്യങ്ങൾ തെളിവ് സഹിതം ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങൾക്ക് നാലുശതമാനം സംവരണം എന്ന കണക്ക് എങ്ങനെയാണ് വന്നതെന്നും വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. 2013 ൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരാണ് മുസ്ലീങ്ങൾക്ക് സംവരണം നൽകിയത്.
2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇതിൽ 2,427 പേർ പുരുഷന്മാരും 185 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്ന് ഒരാളാണ് ഉള്ളത്. ഭരണത്തിലുള്ള ബിജെപി 224 മണ്ഡലങ്ങളിലും കോൺഗ്രസ് 223 മണ്ഡലങ്ങളിലേക്കുമാണ് സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളത്. കൂടാതെ, ജെഡിഎസ് 207 മണ്ഡലങ്ങളിലും, ആം ആദ്മി 209 മണ്ഡലങ്ങളിലും, ബഹുജൻ സമാജ് പാർട്ടി 133 മണ്ഡലങ്ങളിലും സിപിഐഎം നാലിടത്തും മത്സരിക്കുന്നുണ്ട്.
1956 ലാണ് കർണാടക സംസ്ഥാനം രൂപീകൃതമാകുന്നത്. ഇതിനകം 16 തിരഞ്ഞെടുപ്പുകളും 23 മുഖ്യമന്ത്രിമാരും ഉണ്ടായിട്ടുണ്ട്. ഇതിൽ പലരും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങുകയാണ് ചെയ്തത്. ഇതുവരെ നടന്ന 16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതാത് ഭരണകക്ഷികൾക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് സഖ്യ സർക്കാരുകൾ മാത്രമേ കർണാടകയിൽ ഉണ്ടായിട്ടുള്ളൂ. എസ് നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ, ഡി ദേവരാജ് ഉർസ്, എച്ച്ഡി കുമാരസ്വാമി എന്നിവർ കർണാടകയിൽ രണ്ടുതവണ മുഖ്യമന്ത്രിക്കസേരയിൽ എത്തി. രാമകൃഷ്ണ ഹെഗ്ഡെ മൂന്നു തവണയും യെദ്യൂരപ്പ നാലു തവണയും കർണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
കർണാടകയിൽ തുടർച്ചയായി അഞ്ചു വർഷം ഭരിച്ച ഏക മുഖ്യമന്ത്രിയാണ് കോൺഗ്രസിന്റെ എസ് സിദ്ദരാമയ്യ. 2013 ലായിരുന്നു അധികാരത്തിലേറിയത്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. വീറും വാശിയുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിരുന്നു. 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും. മെയ് 24 നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.
മാറി മറിയുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍
കര്‍ണാടകയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. മൈസൂര്‍ മേഖലയില്‍ മാത്രമാണ് ത്രികോണ മത്സരം നടക്കുക. ഇവിടെ ജെഡിഎസ് ആണ് ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം മാറ്റുരയ്ക്കുക. ഇത്തവണ കര്‍ണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന കാഴ്ചകളാണ് നടന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെയും ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദിയുടെയും ബിജെപി പടിയിറക്കവും കോണ്‍ഗ്രസ് പ്രവേശവും ഏവരെയും ഞെട്ടിച്ച സംഭവമാണ്. തീവ്രഹിന്ദുത്വ അജണ്ടകളില്‍ നിന്ന് മാറി വികസനം പറഞ്ഞായിരുന്നു തുടക്കത്തില്‍ ബിജെപിയുടെ വോട്ടുപിടുത്തമെങ്കില്‍ കോണ്‍ഗ്രസിന്റെ ബജ്‌റംഗ്ദള്‍ നിരോധന പ്രഖ്യാപനത്തോടെ ചര്‍ച്ചകളുടെ ഗതിമാറി.
ടിക്കറ്റ് നിഷേധത്തെ തുടര്‍ന്ന് ബിജെപിയോട് ഇടഞ്ഞ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദിയും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെയും കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റവും കര്‍ണാടക രാഷ്ട്രീയ പ്രചാരണവേളയെ ചൂടുപിടിപ്പിച്ചു. ബെലഗാവി ജില്ലയിലെ അത്താനി മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മണ്‍ സവദി ബിജെപിയില്‍ നിന്ന് രാജിപ്രഖ്യാപനം നടത്തിയത്. ബെലഗാവി ജില്ലയിലെ ശക്തനായ നേതാവാണ് ലിംഗായത്ത് സമുദായക്കാരനായ ലക്ഷ്മണ്‍ സവദി. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയായിരുന്നു.
പതിറ്റാണ്ടുകളുടെ ബിജെപി ബന്ധം ഉപേക്ഷിച്ച് ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുക്കുകയായിരുന്നു. കഴിഞ്ഞ 30 പതിറ്റാണ്ടായി ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അതിനു മുന്‍പ് സംഘടനാ പ്രവര്‍ത്തനത്തിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ജഗദീഷ് ഷെട്ടാര്‍. എന്നാല്‍, ഷെട്ടാറിന്റെ സിറ്റിങ്ങ് സീറ്റായ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ പുതുമുഖത്തെ പരീക്ഷിക്കാനാണ് ബിജെപി ഇക്കുറി തീരുമാനിച്ചത്. ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശം, വടക്കന്‍ കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. ഹുബ്ബുള്ളി, ധാര്‍വാഡ്, ബെലഗാവി പോലുള്ള ഉറച്ച കാവിക്കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പോന്നതാണ് ഷെട്ടാറിന്റെയും ലക്ഷ്മണ്‍ സവദിയുടെയും കോണ്‍ഗ്രസ് ചായ്‌വ്.
ലക്ഷ്മണ്‍ സവദിയെയും ജഗദീഷ് ഷെട്ടാറെയും മുന്നില്‍ നിര്‍ത്തി ലിംഗായത്തുകളെ ബിജെപി അവഗണിക്കുന്നുവെന്ന ആക്ഷേപവുമായി സമുദായ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണാടകയില്‍ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ വര്‍ഷങ്ങളായി ബിജെപിയുടെ വോട്ടു ബാങ്കാണ്. ലിംഗായത്ത് സമുദായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് രണ്ടുദിവസം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് ലിംഗായത്ത് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വീരശൈവ ലിംഗായത്ത് ഫോറമാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ലിംഗായത്ത് വിഭാഗത്തിലെ പ്രബല സംഘടനയാണ് ഇത്.
പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ബജ്‌റംഗ് ദള്‍ ആണ്. സംഘടനയെ പോപ്പുലര്‍ ഫ്രണ്ടിനോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ്, ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബിജെപിക്ക് വീണുകിട്ടിയ പ്രചാരണായുധമാണ് ബജ്‌റംഗ് ദള്‍. ബജ്‌റംഗ് ദളിനെ പോപ്പുലര്‍ ഫ്രണ്ടിനോട് സമീകരിക്കുന്ന കോണ്‍ഗ്രസ് നിലപാട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ബിജെപി പ്രചാരണം. പ്രധാനമന്ത്രി ജയ് ബജ്‌റംഗ് ബലി വിളിയുമായി പ്രചാരണത്തെ ശക്തമാക്കി. അങ്ങേയറ്റം സൂക്ഷ്മതയോടെ തിരഞ്ഞെടുപ്പിനെ സമീപിച്ച കോണ്‍ഗ്രസ് ബജ്‌റംഗ് ദളില്‍ പ്രതാപം നഷ്ടപ്പെടുത്തുമോ എന്നാണ് രാഷ്ട്രീയ ഗോദയിലെ ചര്‍ച്ചാവിഷയം. രാജ്യത്തുടനീളം 52,000 ശാഖകള്‍ ഉള്ള ബജ്‌റംഗ് ദളിനു കീഴില്‍ 40 ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. സംഘടനയ്ക്ക് ഏറ്റവും അധികം വേരുകളുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയിലും ശക്തമായ സ്വാധീനം ബജ്‌റംഗ് ദളിനുണ്ട്.