
സോഷ്യൽ മീഡിയ നിരോധനം; ഓസ്ട്രേലിയക്കെതിരെ കേസ് നൽകി റെഡ്ഡിറ്റ്
പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓസ്ട്രേലിയ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കോടതിയിൽ ഹർജി നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് ഇതെന്ന് റെഡ്ഡിറ്റ് അവകാശപ്പെടുന്നു. സോഷ്യൽ മീഡിയ നിരോധനത്തിൽ റെഡ്ഡിറ്റ് ഉൾപ്പെടുന്നില്ല എന്ന് ഹർജിയിൽ റെഡ്ഡിറ്റ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ എന്നതിന്റെ നിർവചനത്തിൽ തങ്ങൾ ഉൾപ്പെടുന്നില്ല എന്നാണ് റെഡ്ഡിറ്റിന്റെ വാദം. സോഷ്യൽ മീഡിയ നിരോധന നിയമത്തിനെതിരെ രണ്ട് കൗമാരക്കാരും ഓസ്ട്രേലിയയിൽ ഹർജി നൽകിയിട്ടുണ്ട്.
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെഡ്ഡിറ്റ്, തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായാണ് ഓസ്ട്രേലിയയെ വിലയിരുത്തുന്നതെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. നിയമത്തെ അസാധുവാക്കണമെന്നാണ് റെഡ്ഡിറ്റിന്റെ ആവശ്യം.
കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കാനല്ലെന്നും, തങ്ങളുടെ ‘ലാഭത്തെ സംരക്ഷിക്കാനാ’യാണ് റെഡ്ഡിറ്റ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നതെന്ന് ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പ്രതികരിച്ചു. പുകയില നിയന്ത്രണത്തിനെതിരെ പുകയില കമ്പനികൾ നടത്തുന്ന നിയമപോരാട്ടങ്ങൾ നമ്മൾ കണ്ടതാണെന്നും, ഇത് അതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെഡ്ഡിറ്റിന്റെ ഹർജിയിൽ കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ ആൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസാണ് എതിർകക്ഷി.


