ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 9000 പേര്‍ പുറത്ത്
യുഎസ്സ് ടെക്ക് ഭീമനായ ആമസോണ്‍ 9,000 ജീവനക്കാരെക്കൂടി പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, പതിനായിരക്കണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. മൂന്ന് ലക്ഷം ജീവനക്കാരുള്ള ആമസോണില്‍, ഇതിനോടകം 27,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കലും ഇളക്കം തട്ടില്ലെന്നു കരുതിയ ആമസോണിന്റെ ഉപ വിഭാഗങ്ങളെ പോലും ഇത്തവണത്തെ പിരിച്ചുവിടല്‍ ബാധിച്ചേക്കും.
ഏറെ ലാഭം കൊയ്യുന്ന ആമസോണ്‍ ക്ലൗഡ്, പരസ്യ സേവനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരുടെ കാര്യവും പരുങ്ങലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ചെലവുകള്‍ ചുരിക്കിയതാണ് കാരണമായി പറയപ്പെടുന്നത്. ആരെയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന കാര്യത്തില്‍, ഏപ്രില്‍ മാസത്തോടെ തീരുമാനമാകും. സമ്പദ്ഘടനയില്‍ തുടരുന്ന അനിശ്ചിതത്വമാണ് പിരിച്ചുവിടലിന് കാരണമായി സിഇഒ ആന്‍ഡി ജാസ്സി പറയുന്നത്.
വലിയ ടെക്നോളജി കമ്പനികളിലെ തുടരുന്ന കൂട്ട പിരിച്ചുവിടലിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ആമസോണിലേത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കിന്റെ ഉടമയായ മെറ്റ 10,000 ജീവനക്കാരെ ഈ മാസം പിരിച്ചു വിട്ടിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് 11,000 പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് വീണ്ടും 10,000 പേരെ കൂടി പരിച്ചു വിടാന്‍ കമ്പനി തീരുമാനിച്ചത്. മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ ഉടമകളായ ആല്‍ഫബെറ്റ് എന്നീ കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചു വിട്ടിരുന്നു. 2022 ല്‍ ഏകദേശം 2,00,000 ജീവനക്കാര്‍ക്ക് ടെക് വ്യവസായ മേഖലയില്‍ ജോലി നഷ്ടമാവുകയുണ്ടായി.
മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍ എന്നീ നാലു കമ്പനികള്‍ മാത്രം കഴിഞ്ഞ വര്‍ഷം 50,000 ലധികം പേരെ പിരിച്ചു വിട്ടിരുന്നു. 2022 ല്‍ തുടങ്ങിയ പിരിച്ചുവിടല്‍ 2023 ലും തുടരുകയാണെന്നാണ് ഇപ്പോള്‍ കാണാനാവുന്നത്. ഈ കമ്പനികളുടെ ലാഭത്തിന്റെ തോത് കുറഞ്ഞു എങ്കിലും അവ ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ജീവനക്കാരെ പിരിച്ചു വിടുന്നതിന് പകരം അവരെ ജോലയില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ലാഭത്തിന്റെ തോതില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടാവുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, യുഎസ്സിലെ തൊഴിലാളി സംഘടനകളും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന കമ്പനികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ആമസോണിന്റെ ലാഭം കുറയുന്നത് തടയാന്‍ ശ്രമിക്കുന്നത് കൊണ്ടു മാത്രമാണ് ഇത്രയധികം ആളുകള്‍ക്ക് ജോലി നഷ്ടമാവുന്നതെന്നാണ് അഥീന കോളിഷന്‍ എന്ന സംഘടനയുടെ ആരോപണം.