TMJ
searchnav-menu
post-thumbnail

IMAGE: PTI

TMJ Daily

അഭയാർത്ഥി പ്രവാഹവും, മയക്കുമരുന്നിന്റെ ഒഴുക്കും: ആശങ്കയിൽ മിസോറാം

05 Jun 2023   |   2 min Read
TMJ News Desk

ഴിഞ്ഞ രണ്ട് വർഷങ്ങളായി തുടരുന്ന അഭയാർത്ഥി പ്രവാഹവും ദിനം തോറും ഉയരുന്ന മയക്കുമരുന്ന് കള്ളക്കടത്തും മിസോറാമിനെ കടുത്ത ആശങ്കയിലാക്കുന്നു. മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് മിസോറാമിൽ തമ്പടിക്കുന്നത്. സംസ്ഥാന സർക്കാരും സുരക്ഷാസേനയും നൽകുന്ന കണക്കുകൾ പ്രകാരം മണിപ്പൂരിൽ നിന്ന് 8,000-ത്തിൽ അധികം പേരും ബംഗ്ലാദേശിൽ നിന്ന് 900 പേരും അഭയാർത്ഥികളായുണ്ട്. ഈ സംഖ്യ ഉയരും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റം മയക്കു മരുന്ന്, ആയുധം ഉൾപ്പെടെയുള്ള കള്ളക്കടത്തിന്റെ സാധ്യത വർധിപ്പിച്ചെന്നും അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ കണക്കനുസരിച്ച് 40,000 മ്യാൻമർ പൗരന്മാർ മിസോറാമിന്റെ അതിർത്തി കടന്നെത്തി. അതിൽ ഏകദേശം 10,000 പേർ തിരിച്ചുപോവുകയും 30,000 പേർ അഭയാർത്ഥികളായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ അവർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്. സുരക്ഷാസേനയുടെ വിലയിരുത്തൽ അനുസരിച്ച് സംസ്ഥാന സർക്കാർ ഈ അഭയാർത്ഥികൾക്ക് ക്യാമ്പുകൾ ഒരുക്കിയിരുന്നെങ്കിലും ഭൂരിഭാഗം അഭയാർത്ഥികളും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നില്ല. മ്യാൻമറുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്ന മിസോറാമിലേക്ക് ആളുകൾ വരുന്നത് തടയാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. അഭയാർത്ഥികളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര നിർദേശവുമുണ്ട്. 2022 നവംബറിൽ ബംഗ്ലാദേശ് റാപ്പിഡ് ആക്ഷൻ ബറ്റാലിയനും കുക്കി-ചിൻ നാഷണൽ ആർമിയും തമ്മിലുള്ള സായുധ പോരാട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി 200 ലധികം ആളുകളാണ് മിസോറാമിലേക്ക് കുടിയേറിയത്.

മയക്കുമരുന്ന് കടത്ത്

മൂന്ന് അസം റൈഫിൾസ് ബറ്റാലിയനുകളാണ് ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വിന്യസിച്ചിട്ടുളളത്.  കള്ളക്കടത്ത് വർധിക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. പ്രത്യേകിച്ചും മയക്കുമരുന്ന്. മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് വർഷംതോറും വർധിക്കുകയാണ്. മിസോറാമിൽ ഈ വർഷം ഇതുവരെ പിടിച്ചെടുത്ത മയക്കുമരുന്ന് ഉൾപ്പെടെയുള്ള കള്ളക്കടത്തിന്റെ ആകെ മൂല്യം 603.43 കോടി രൂപയാണ്. 2022 ൽ ഇത് 355 കോടിയായിരുന്നു.

സംസ്ഥാന സർക്കാരിന്റെയും അസം റൈഫിളിന്റെയും കണക്കനുസരിച്ച് മെയ് മാസം ആരംഭിച്ച സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിന്ന് 8,000 ത്തോളം അഭയാർത്ഥികൾ മിസോറാമിലെ സർക്കാരിന്റെ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. അഭയാർത്ഥികൾ കൂടുന്നതോടെ വിഭവങ്ങളുടെ ദൗർലഭ്യം അനുഭവിക്കുന്നതായും പ്രാദേശിക ജനസംഖ്യയിൽ അസ്വസ്ഥത ഉണ്ടാകാൻ കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പലായനത്തിന് കാരണം കലാപം

മണിപ്പൂരിൽ നിന്നും ജനങ്ങൾ മിസോറാമിലേക്ക് പലായനം ചെയ്യാനുണ്ടായ കാരണം നിലവിൽ തുടരുന്ന കലാപ സാഹചര്യമാണ്. 8,000 ത്തോളം ആളുകൾ മിസോറാമിലേക്ക് പലായനം ചെയ്തു. ചിൻ-കുക്കി-മിസോ വിഭാഗത്തിൽപ്പെട്ട 5,822 പേരാണ് മിസോറാമിലെ ആറ് ജില്ലകളിലായി താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് 37,450 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. കലാപത്തിൽ ഇതുവരെ 98 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 310 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ആളുകളെ പാർപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 4,014 തീവെപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാന പൊലീസ് 3,734 കേസുകൾ രജിസ്റ്റർ ചെയ്യുകയും 65 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മെയ്തികളും മലയോര ഗോത്ര വിഭാഗക്കാരും തമ്മിലുള്ള സംഘർഷമാണ് കലാപത്തിന്റെ അടിസ്ഥാനം. മെയ്തി വിഭാഗക്കാരെ പട്ടികവർഗ്ഗമായി പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ് കലാപത്തിന്റെ അടിയന്തിര പ്രകോപനം. മെയ്തികളെ പട്ടിക വർഗമായി പ്രഖ്യാപിക്കുന്നതോടെ ഇപ്പോൾ പട്ടികവർഗ പദവിയുള്ള ഗോത്രവിഭാഗങ്ങളുടെ അവസരം ഇല്ലാതാവുമെന്ന ആശങ്കകളാണ് മലയോര ഗോത്രവിഭാഗങ്ങളെ പ്രക്ഷോഭത്തിന്റെ പാതയിൽ എത്തിച്ചത്. വംശീയവും,  ഭൂമിശാസ്ത്രപരവുമായ സവിശേഷതകളോടൊപ്പം മതപരമായ വ്യത്യാസങ്ങളും ചേർന്നതോടെ ഇപ്പോഴത്തെ കലാപങ്ങൾ രൂക്ഷമായി.


#Daily
Leave a comment