
ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചു; ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് നാല് വർഷം വിലക്ക്, ആരോപണം തെറ്റെന്ന് താരം
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരമായ ബജ്‌റംഗ് പുനിയക്ക് നാല് വർഷത്തെ വിലക്ക്. മാർച്ച് 10 ന് നടന്ന ദേശീയ സെലക്ഷൻ ട്രയൽസിലെ മരുന്ന് പരിശോധനക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ബജ്‌റംഗ് പുനിയക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ, താനൊരിക്കലും സാമ്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ബജ്‌റംഗ് പുനിയ അറിയിച്ചു.
നാല് വർഷത്തേക്ക് ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് കൂടിയായ പുനിയക്ക് മത്സരിക്കാൻ കഴിയില്ല. കൂടാതെ വിദേശത്തേക്ക് കോച്ചിങ് ജോലികൾക്കായുള്ള സാധ്യതയും ഈ വിലക്ക് കാരണം തടസപ്പെടും. അതേസമയം ബിജെപി മുൻ ലോക്സഭാ അംഗവും, മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക പരാതിയിൽ പ്രതിഷേധക്കാരോടൊപ്പം പങ്കെടുത്തതിൽ തന്നോട് പ്രതികാര നടപടിയെടുക്കുകയാണെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു.
തന്റെ സാമ്പിൾ നൽകാൻ താൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും പുനിയ അറിയിച്ചു. മാത്രമല്ല 2023 ഡിസംബറിൽ നടന്ന തന്റെ മുൻ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉത്തേജക കിറ്റുകൾ എന്തിനാണ് ഉപയോഗിച്ചതെന്ന് നാഡയോട് വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു.