
വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാർ കേരള സർവകലാശാലയിലെത്തി
സസ്പെൻഷനിലുള്ള കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ, വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിലക്കിനെ മറികടന്ന് സർവകലാശാലയിലെത്തി. അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നതിനെയാണ് വിസി വിലക്കിയത്. ഓഫീസ് മുറി പ്രവേശിക്കുന്നത് തടയാൻ വിസി സുരക്ഷാഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മനോരമാ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഓഫീസിൽ പ്രവേശിച്ച അനിൽകുമാറിനെ പക്ഷേ ആരും തടഞ്ഞില്ല.
ഇടത് വിദ്യാർത്ഥി സംഘടനകൾ ഇന്നും വിസിക്കെതിരെ സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തും. രജിസ്ട്രാറുടെ ചുമതല ജോയിന്റ് രജിസ്ട്രാർ ഡോ മിനി കാപ്പന് വിസി നൽകിയിട്ടുണ്ട്. രജിസ്ട്രാരെ തടയാനുള്ള വിസിയുടെ ശ്രമം കോടതി വിധിക്കെതിരായ വെല്ലുവിളിയാണെന്ന് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ പറഞ്ഞു. സിൻഡിക്കേറ്റ് റദ്ദാക്കിയ രജിസ്ട്രാറുടെ സസ്പെൻഷൻ മറികടക്കാൻ വിസിയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സർവകലാശാലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


