
സസ്പെൻഷനെതിരെ രജിസ്ട്രാർ കോടതിയിലേക്ക്
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ, സർവകലാശാല റജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടിയെ റജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും.
സർവകലാശാല സിൻഡിക്കേറ്റ് ചേരാതിരിക്കുന്ന അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള അടിയന്തര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് റജിസ്ട്രാറും, സർക്കാരും കരുതുന്നു. ഈ വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.
അതിനിടെ രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്നും, അതിന് തടസങ്ങളൊന്നുമില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിസിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് വിമർശിച്ച മന്ത്രി നിയമോപദേശം തേടിയ ശേഷം സർക്കാരും കോടതിയെ സമീപിക്കുമെന്ന സൂചന നൽകി. സസ്പെൻഷൻ നിയമ വിരുദ്ധമാണെന്നും, നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും മന്ത്രി പറഞ്ഞു. .
യൂണിവേഴ്സിറ്റിയിലെ വിവാദ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറിനിൽക്കാമായിരുന്നു. കുറഞ്ഞ പക്ഷം വിവാദമായ ചിത്രമെങ്കിലും മാറ്റണമായിരുന്നു, മന്ത്രി പറഞ്ഞു. ആർഎസ്എസ് വ്യാപകമായി ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് അനിൽ കുമാറിന്റെ സസ്പെൻഷനിൽ കലാശിച്ചത്.
രജിസ്ട്രാറിനെ സസ്‌പെൻഡ് ചെയ്ത നടപടിക്ക് എതിരെ ഇന്നും രാജ് ഭവനിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. സർവകലാശാല കവാടത്തിന് മുകളിൽ ഗവർണർക്കെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ കഴിഞ്ഞ രാത്രിയും പ്രതിഷേധിച്ചു.


