REPRESENTATIONAL IMAGE
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഫലപ്രദമല്ല; കണക്കുകള്‍ പ്രകാരം 31 ലക്ഷംപേര്‍ സംസ്ഥാനത്ത്
31 ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും സന്നദ്ധ സംഘടനകളും നടത്തിയ വിവര ശേഖരണത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇത് അഞ്ചുലക്ഷമാണ്. 2021 ഡിസംബറിലാണ് അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇടനിലക്കാര്‍ക്കുള്‍പ്പെടെ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല എന്നതിന് തെളിവാണ് കണക്കുകളിലെ വ്യത്യാസം. അതിഥി തൊഴിലാളികളുടെ എണ്ണത്തിലെ അനൗദ്യോഗിക കണക്ക് സര്‍ക്കാര്‍ നിഷേധിച്ചിട്ടുമില്ല.
അതിഥി ആപ്പ് അടുത്ത മാസം മുതല്‍
നിലവിലെ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം കോണ്‍ട്രാക്ടര്‍മാര്‍ക്ക് അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിനാണ് ലേബര്‍ ഓഫീസില്‍ രജിസ്ട്രര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇത്തരം രജിസ്‌ട്രേഷനുകള്‍ ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്തേക്കു വരുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയുള്ള രജിസ്‌ട്രേഷനില്‍ മാറ്റം വരുത്തി ഓരോ തൊഴിലാളിയും നേരിട്ട് രജിസ്‌ട്രേഷന്‍ നടത്തുന്ന രീതിയിലേക്ക് നടപടികളില്‍ മാറ്റം ഉണ്ടാക്കണം എന്നും അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്ന് പരിശോധിക്കും, തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും ഇതില്‍ തൊഴിലാളികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും, കൂടാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് ലേബര്‍ ക്യാമ്പുകളും തൊഴില്‍ പരിസരങ്ങളും സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടത്തും എന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല
കേരളത്തിലേക്ക് ജോലി അന്വേഷിച്ച് എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ചില ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാ തൊഴിലാളികളും ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്താറില്ല. അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ക്രഷേ പ്രവര്‍ത്തനം ആരംഭിച്ചത്. ആറുമാസം മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രഷേയില്‍ 30 കുട്ടികളില്‍ ആറുപേര്‍ മാത്രമാണ് അതിഥി തൊഴിലാളികളുടെ മക്കള്‍. 25,000 രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, ആലയ് പദ്ധതി പ്രകാരം പഞ്ചായത്തുകളിലൂടെ ലഭ്യമാകുന്ന താമസസൗകര്യം, ഗസ്റ്റ് ആപ്പ് പദ്ധതിയിലൂടെയുള്ള മരണാനന്തര ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.