PHOTO: PTI
യുഎസ് മുന്നറിയിപ്പ് തള്ളി ചെങ്കടലില്‍ വീണ്ടും ആക്രമണം: ഹൂതി ഡ്രോണ്‍ പൊട്ടിത്തെറിച്ചു
ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന യുഎസ് മുന്നറിയിപ്പ് ലംഘിച്ച് യെമനിലെ ഹൂതി വിമതര്‍. അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട ഹൂതി ഡ്രോണ്‍ ബോട്ട് ചെങ്കടലില്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ബോട്ട് തങ്ങളുടെ കപ്പലുകളില്‍ നിന്ന് അകലെയാണ് പൊട്ടിത്തെറിച്ചതെന്ന് യുഎസ് നാവികസേന അറിയിച്ചു.
ചെങ്കടലില്‍ കൂടി കടന്നുപോകുന്ന കപ്പലുകള്‍ക്കുനേരെ 25 ഓളം തവണ ഹൂതി വിമതര്‍ ആക്രമണം നടത്തിയതായി യുഎസ് നാവികസേന വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഹൂതി വിമതര്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങി 12 രാജ്യങ്ങള്‍ കഴിഞ്ഞദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൂതികള്‍ യുഎസ് കപ്പലുകള്‍ക്കുനേരെ വീണ്ടും ആക്രമണം നടത്തിയത്.
ഹൂതികളുടെ മൂന്നു കപ്പലുകള്‍ മുക്കി
ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുള്ള കപ്പലിനുനേരെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ക്കു നേരെയും വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന പ്രത്യാക്രമണത്തില്‍ മൂന്നു ബോട്ടുകള്‍ മുക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
യുഎസിനെ കൂടാതെ ഓസ്‌ട്രേലിയ, ബഹ്‌െൈറന്‍, ബെല്‍ജിയം, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സിങ്കപ്പൂര്‍ ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. കഴിഞ്ഞ ഡിസംബര്‍ 19 മുതലാണ് ചെങ്കടലില്‍ ഹൂതി വിമതര്‍ വാണിജ്യ കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ ആരംഭിച്ചത്. ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഹൂതികളുടെ ആക്രമണം.
ഡിസംബര്‍ 19 മുതല്‍ മാത്രം 23 ആക്രമണങ്ങളാണ് ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ നടന്നത്. ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്കുനേരെയും ആക്രമണം നടന്നു. ആക്രമണങ്ങള്‍ രൂക്ഷമായതിനു പിന്നാലെ ചെങ്കടല്‍ വഴിയുള്ള കപ്പലുകളുടെ യാത്രയും താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കയെ ചുറ്റിയുള്ള ദീര്‍ഘദൂര പാതയാണ് പല രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വിട്ടുകിട്ടാതെ ഗാലക്‌സി ലീഡര്‍
ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗാലക്‌സി ലീഡര്‍ കപ്പല്‍ ഹൂതികളുടെ കൈവശമായിട്ട് 50 ദിവസത്തോടടുക്കുന്നു. 2023 നവംബര്‍ 19 ന് ചെങ്കടലിലൂടെ സഞ്ചരിക്കവെയാണ് ചരക്ക് കപ്പലിന്റെ നിയന്ത്രണം ഹൂതികള്‍ പിടിച്ചെടുത്തത്. യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ നിയന്ത്രണം ഹൂതി സായുധവിഭാഗം ഏറ്റെടുത്തിരിക്കുകയാണ്. 25 ജീവനക്കാരുള്ള കപ്പലില്‍ യുക്രൈന്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍. ഇസ്രയേലി വ്യവസായിയുമായി കപ്പലിനു ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂതികള്‍ കപ്പല്‍ റാഞ്ചിയത്.