
രേഖാ ഗുപ്ത: ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രി
ഷാലിമാര്‍ ബാഗില്‍ നിന്നുള്ള പുതുമുഖ എംഎല്‍എയായ രേഖാ ഗുപ്ത ന്യൂഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രി. ദേശീയ തലസ്ഥാന പ്രദേശം ഭരിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് സജീവ ആര്‍ എസ് എസുകാരിയായ രേഖാ ഗുപ്ത.
ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിന് മുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരായിട്ടുള്ള വനിതകള്‍.
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും പത്ത് ദിവസം വൈകിയാണ് ബിജെപി ന്യൂഡല്‍ഹിയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി 70 സീറ്റില്‍ 48 എണ്ണത്തില്‍ വിജയിച്ചു. 26 വര്‍ഷത്തിനുശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍, മന്ത്രിമാരെ ബിജെപി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന രേഖയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ഏറെ അതിശയമുളവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖ മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ന്യൂഡല്‍ഹി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാളിനെ തോല്‍പ്പിച്ച പര്‍വേശ് സാഹിബ് സിങ് മുഖ്യമന്ത്രിയാകുമെന്ന് ആയിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ പര്‍വേശിന് ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകനാണ് പര്‍വേശ്.
മൂന്ന് തവണ എംഎല്‍എയും മുന്‍ പ്രതിപക്ഷ നേതാവുമായ വിജേന്ദര്‍ ഗുപ്ത, മുന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ് എന്നിവരും മുഖ്യമന്ത്രി കുപ്പായം തുന്നിയിരുന്നു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എഎപി തലവനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ള പ്രവൃത്തികളില്‍ തങ്ങള്‍ അവരെ പിന്തുണയ്ക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.


